19 January Sunday

പ്രവാസികളിൽ പ്രമേഹരോഗവും സങ്കീർണതകളും കൂടുതൽ: മെഡിക്കൽ വിങ്‌ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

കുവൈത്ത് സിറ്റി >  പ്രവാസികളിൽ പ്രമേഹ രോഗവും അതിന്റെ  സങ്കീർണതകളും അതുമായി ബന്ധപ്പെട്ടുള്ള മരണനിരക്കും  വളരെ കൂടുതലായി വരുന്നതായി പ്രശസ്ത പ്രമേഹരോഗ ചികിത്സാ വിദഗ്ധൻ ഡോ.ബിജി ബഷീർ അഭിപ്രായപ്പെട്ടു. കുവൈത്ത് കെഎംസിസി മെഡിക്കൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിൽ ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിങ്ങ് ചെയർമാൻ ഷഹീദ് പാട്ടില്ലത്ത് അധ്യക്ഷനായി.

  കുവൈത്ത് പ്രവാസ സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മരണ നിരക്കുകളിൽ, പ്രത്യേകിച്ചും മസ്തിഷ്ക - ഹൃദയ ആഘാതങ്ങളിൽ, പ്രമേഹത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ.അമീർ അഹമ്മദും  ക്ലാസ് എടുത്തു.

 ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ച് ഡോ.പാറക്കൽ സേവിയർ സിറിൽ,   പാദ സംരക്ഷണത്തെ കുറിച്ച് ഡോ. ഗോപകുമാറും,  വ്യായാമ ശീലങ്ങൾ ഇല്ലാത്ത ജീവിത ശൈലിയുടെ പ്രശ്നങ്ങൾ ഫിസിയോതെറാപ്പിസ്റ്റ്  ഡോ. അബ്ദുൽ ഹമീദ് കൊടൂവള്ളിയും സംസാരിച്ചു. 

 മെഡിക്കൽ വിങ് വൈസ് ചെയർമാൻ നിഹാസ് വാണിമേൽ മോഡറേറ്ററായിരുന്നു. കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, ട്രഷറർ എംആർ നാസർ, അബ്ദുൽ സത്താർ മോങ്ങം എന്നിവർ സംസാരിച്ചു. മെഡിക്കൽ വിംഗ് നേതാക്കളായ അനസ് തയ്യിൽ, ഷറഫുദ്ദീൻ, മൊയ്തീൻ ബയാർ, ഷാനിദ് കൊയിലാണ്ടി, ഫൈസൽ, അഷ്റഫ് മണ്ണാർക്കാട്, ഫാസിൽ തുടങ്ങിയവർ പരിപാടി എകോപിപ്പിച്ചു.
 
 


പ്രധാന വാർത്തകൾ
 Top