30 May Saturday

പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സാമൂഹ്യ ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനി

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020


കുവൈറ്റ്‌ സിറ്റി> എണ്ണ, പ്രകൃതി വാതക  മേഖലയിൽ പ്രവർത്തിക്കുന്ന  കുവൈത്തിലെ പ്രമുഖ സ്ഥാപനമായ മാർക്ക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി  പത്താം വാർഷികം വേറിട്ട പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചതായി മാർക്ക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനി ചെയർമാന്‍ സുരേഷ്‌ സി പിള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

 മലയാളികൾ അടക്കം 12 രാജ്യങ്ങളിൽ നിന്നുള്ള  1500 ൽ പരം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പത്താം വാർഷിക ത്തോട്‌ അനുബന്ധിച്ച്‌ ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ രംഗത്ത്‌ വിവിധ പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്‌.ഇതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ  കുടുംബങ്ങൾക്ക്‌ ഭവന നിർമ്മാണത്തിനു ധനസഹായം, ഇതിനു പുറമേ നിർദ്ധന കുടുംബങ്ങൾക്കുള്ള  ചികിൽസാ സഹായവും വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യങ്ങളും ഏർപ്പെടുത്തും.സ്ഥാപനത്തിലെ ജീവനക്കാർക്കും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്‌.

 കുവൈത്ത്‌ യൂനിവേർസ്സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ മാർക്ക്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ മേൽനോട്ടത്തിൽ  തൊഴിൽ രംഗത്ത്‌ സൗജന്യമായി  എഞ്ചിനീയറിംഗ്‌ പരിശീലനം  നൽകുവാനുള്ള പദ്ധതിയും ആവിഷ്കരിച്ചതായി സുരേഷ്‌ സി പിള്ള വ്യക്തമാക്കി. കുവൈത്ത്‌ മുൻസിപാലിറ്റി, പരിസ്ഥിതി സംരക്ഷണ സമിതി മുതലായ സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ട്‌ കുവൈത്തിന്റെ വിവിധ മേഖലകളിലുള്ള തീര പ്രദേശങ്ങളിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നീക്കം ചെയ്യല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ വെച്ച്‌ പിടിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു വരുന്നതായും സുരേഷ് പിള്ള പറഞ്ഞു.

 മാർക്ക്‌ ഗ്രൂപ്സ്‌ ഓഫ്‌ കമ്പനി ഡയരക്റ്റർമ്മാരായ പ്രതാപ്‌ സി .പി, സതീഷ്‌ സി,പി,  ഫിനാൻസ്‌ മേനേജർ സുഭാഷ്‌ പി.എസ്‌., എച് ആര്‍ മേനേജർ രാജീവ്‌ പി,  അഡ്മിനിസ്ടേഷൻ മേനേജർ ഹസിം മഹമൂദ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


പ്രധാന വാർത്തകൾ
 Top