13 May Thursday

മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തിയ ആദ്യ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി; ഫലം 21ന്.

ഏബ്രഹാം കുര്യൻUpdated: Saturday Apr 17, 2021

ലണ്ടൻ> പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി, കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഉള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ,  ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് "കണിക്കൊന്ന" യുടെ മൂല്യനിർണ്ണയമായ പഠനോത്സവം നവ്യാനുഭവമായി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു പരിപാടി.

ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് പഠനോത്സവം  ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ഭാഷാദ്ധ്യാപകനും പ്രധാന അദ്ധ്യാപക പരിശീലകനുമായ ഡോ എം ടി ശശി എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ്സി എ  ജോസഫ് അധ്യക്ഷനായി. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. മലയാളം ഡ്രൈവിന്റെ സംഘാടക സമിതി അംഗം അന്ന എൻ സാറ അവതാരകയായി. പങ്കെടുത്ത് പഠനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും അയ്യായിരത്തിലധികം ആളുകൾ കണ്ടു.

യുകെയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനായി എത്തിയ കുട്ടികളെ മൂന്നു മേഖലകളിലായി രൂപംനൽകിയ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ നിരവധി വെർച്യുൽ  ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത്.

മലയാളം മിഷൻ യുകെ ചാപ്റ്റർ മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറിന്റെ മുഖ്യ ചുമതലയിൽ ഓൺലൈൻ സാങ്കേതിക സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തി ഐടി വിദഗ്ധരായ കുര്യൻ ജേക്കബ് , ദീപ സുലോചന, അസീം അബു, ബേസിൽ ജോൺ, ബെന്നറ്റ് മാത്യു, ബിജിനി ജെ പി, ജോബി തോമസ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഒരുക്കി.


മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിർണ്ണയമാണ് പഠനോത്സവം ആയി  നടത്തിയത്. ഡിപ്ലോമ കോഴ്സായ 'സൂര്യകാന്തി' ഹയർ ഡിപ്ലോമ കോഴ്സായ 'ആമ്പൽ' സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ്  കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.

കണിക്കൊന്ന പഠനോത്സവത്തിന്റെ ഫലപ്രഖ്യാപനം ഏപ്രിൽ 21 നു നടത്താനാണ്‌ ശ്രമമെന്നും സർട്ടിഫിക്കറ്റുകൾഡക്കായി  മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചൂ.

മേഖലാ കോർഡിനേറ്റർമാർ:

* ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
* ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
* ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
* രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
* ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
* എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top