24 September Sunday

മലയാളം മിഷൻ അജ്‌മാൻ - ഷാർജ ചാപ്റ്ററുകളുടെ അധ്യാപക പരിശീലനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

അജ്‌മാൻ > മലയാളം മിഷൻ അജ്‌മാൻ - ഷാർജ ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ  അജ്‌മാൻ ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച അധ്യാപക പരിശീലനത്തിന് പരിസമാപ്‌തിയായി. പരിശീലന കളരിയുടെ ഉദ്ഘാടനം മലയാളം മിഷൻ രജിസ്‌ട്രാർ വിനോദ് വൈശാഖി നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും ഷാർജ ചാപ്റ്റർ ചെയർമാനുമായ  അഡ്വക്കേറ്റ് വൈ എ റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അജ്‌മാൻ ചാപ്റ്റർ ആക്‌ടിങ് സെക്രട്ടറി ഷെമിനി സനിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മലയാളവിഭാഗം മേധാവി ശ്രീകല, ഷാർജ ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാർജ ചാപ്റ്റർ സെക്രട്ടറി രാജേഷ് നിട്ടൂർ, ഹാബിറ്റാറ് സ്‌കൂൾ കുട്ടിമലയാളം ക്ലബ്ബിലെ അധ്യാപക പ്രതിനിധി അക്‌ബർ അലി, അജ്‌മാൻ ചാപ്റ്റർ കൺവീനർ ദീപ്‌തി ബിനു, ഷാർജ ചാപ്റ്റർ കൺവീനർ അനിൽ അമ്പാട്ട് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്‌സുകളിലേക്കുള്ള രണ്ടു ദിവസത്തെ മുഴുനീള അധ്യാപക പരിശീലനത്തിന് മലയാളം മിഷൻ റജിസ്ട്രാർ വിനോദ് വൈശാഖി, ഭാഷാധ്യാപകൻ സതീഷ് കുമാർ എന്നിവരാണ് നേതൃത്വം നൽകിയത്. 130ഓളം അധ്യാപകരാണ് രണ്ടു ദിവസങ്ങളിലായി പരിശീലനത്തിൽ പങ്കെടുത്തത്.

യു എ ഇ യിലെ വിവിധ ചാപ്റ്ററുകളിലായി 17 ദിവസം നീണ്ടു നിൽക്കുന്ന അധ്യാപക പരിശീലനത്തിന്റെ ഭാഗമായി മെയ് 27, 28 തിയതികളിലാണ് അജ്‌മാൻ- ഷാർജ ചാപ്റ്ററുകളിൽ പരിശീലനം സംഘടിപ്പിച്ചത്.  കുട്ടികളുടെ സർഗാത്മക വളർച്ചയ്‌ക്കും സാഹിത്യ പോഷണത്തിനും ലളിതമായ വഴികളിലൂടെ അധ്യയനം സാധ്യമാക്കുന്ന പരിശീലനം പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി പുത്തൻ പാഠ്യക്രമങ്ങളും ശൈലികളും അവലംബിച്ചു കൊണ്ടായിരുന്നു ഒരുക്കിയത്. പാട്ടുകളിലൂടെയും കളികളിലൂടെയും പഠന പ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയായിരുന്നു പരിശീലനക്കളരികൾ. തങ്ങളിൽ ഊർജ്ജവും, ആത്മവിശ്വാസവും പകരാൻ പരിശീലന കളരിക്ക് കഴിഞ്ഞതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പരിശീലന കളരിയോടനുബന്ധിച്ച് അധ്യാപകർ അവതരിപ്പിച്ച സ്കിറ്റുകളും കവിതകളും വിവിധങ്ങളായ ആക്ടിവിറ്റികളും ശ്രദ്ധേയമായി.

സേവന തല്പരരും, സ്വയം സന്നദ്ധരുമായ അധ്യാപകരും, പൊതുപ്രവർത്തകരും, സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ചേർന്നാണ് കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ പദ്ധതി വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്നത്. പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങളും പഠന സാമഗ്രികളും സൗജന്യമായാണ് സർക്കാർ ഇവിടങ്ങളിൽ എത്തിച്ചു കൊടുക്കുന്നത്. മലയാളം മിഷന്റെ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്‌സുകൾ പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പ് നിശ്ചയിക്കുന്ന തുല്യതാ പരീക്ഷ പാസാകുന്നവർക്ക് പത്താം ക്ലാസിനു തുല്യമായ സർട്ടിഫിക്കറ്റ് ലഭിക്കും. ഉപരി പഠനത്തിനും സർക്കാർ ജോലിക്കും ഈ സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ നിരവധി കുട്ടികളാണ് മലയാളം മിഷനിലൂടെ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത്. യു എ ഇ യിലെ എല്ലാ എമിറേറ്റുകളിലുമായി പതിനായിരത്തിലധികം കുട്ടികളും 900 അധ്യാപകരും മലയാളം മിഷന്റെ ഭാഗമായുണ്ട്.

അജ്‌മാൻ, ഷാർജ എന്നീ ചാപ്റ്ററുകളിലെ ഭാരവാഹികളായ ശ്രീകുമാരി ആന്റണി, ഷെമിനി, രാജേഷ് നിട്ടൂർ, ദീപ്തി ബിനു, അനിൽ അമ്പാട്ട്, അഞ്ജു ജോസ്, സുബീർ, രതീഷ്, ജമാൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. യുഎഇ ചാപ്റ്റർ കോ ഓർഡിനേറ്റർ കെ എൽ ഗോപിയാണ് എമിറേറ്റുകളിലെ പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മലയാളം മിഷനിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ ശ്രീകുമാരി ആന്റണി- ഷാർജ ചാപ്റ്റർ (050 3097209), ഷെമിനി സനിൽ- അജ്‌മാൻ ചാപ്റ്റർ (050 5194372)  എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top