23 September Wednesday

2020 ആയുസ്സിലെ ഏറ്റവും വിലപ്പെട്ട വർഷം: പ്രൊഫ. സുജ സൂസൻ ജോർജ്ജ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

അബുദാബി > മനുഷ്യായുസ്സിലെ ഏറ്റവും വിലപ്പെട്ട വർഷമാണ് 2020 എന്ന് ലോക ചരിത്രത്തിൽ അടയാളപ്പെടുത്തും. അത്രയേറെ മാനസികവും ശാരീരികവുമായ പ്രതിസന്ധികളിലൂടെയാണ് മാനവലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് അഭിപ്രായപ്പെട്ടു.

മലയാളം മിഷൻ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അബുദാബി, അൽ ഐൻ എന്നീ മേഖലകളിലെ മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച വെർച്വൽ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മാതൃഭാഷയിൽ സംസാരിക്കുക എന്നത് ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതിനു സമാനമാണ്. പരിഷ്കൃത സമൂഹത്തിൽ ഓരോരുത്തരുടെയും ഉള്ളിലുള്ള അവബോധത്തെ അടയാളപ്പെടുത്തുന്നത് മാതൃഭാഷയുടെ പേരിലാണ്. ലോകം കൂടുതൽ കൂടുതൽ ജനാധിപത്യപരമാവുമ്പോൾ, ദേശത്തിന്റെ അതിരുകൾ കൊഴിഞ്ഞു വീഴുമ്പോൾ, ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും ഭേദങ്ങളില്ലാതാകുമ്പോൾ അവിടെ അവശേഷിക്കുന്ന ഒരേയൊരു സ്വത്വം മാതൃഭാഷയുടേതായിരിക്കും.

കരിപ്പൂരിൽ വിമാനാപകടം നടന്ന് അരമണിക്കൂറിനകം പൂർത്തിയാക്കിയ ഇത്രവേഗത്തിലൊരു രക്ഷാപ്രവർത്തനം പോലെ ഒരു പക്ഷെ ലോകത്തെവിടെയും ഉണ്ടായിട്ടുണ്ടാകില്ല.  കൊറോണയാണ്, പരസ്പരം തൊടരുത്, സാമൂഹ്യ അകലം പാലിക്കണം തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം വിസ്മരിച്ചുകൊണ്ടാണ് മതിൽ ചാടി വന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇത് മാതൃഭാഷയുടെ ശക്തികൂടിയാണ്. സുജ ടീച്ചർ തുടർന്ന് പറഞ്ഞു.
പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരണപ്പെട്ടവരെ അനുസ്മരിച്ചും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുമാണ് അധ്യാപക പരിശീലനം ആരംഭിച്ചത്.

മലയാളം മിഷൻ രജിസ്ട്രാർ എം. സേതുമാധവൻ, ഭാഷാധ്യാപകൻ ഡോ. എം . ടി. ശശി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അബുദാബി, അൽ ഐൻ, ബദാസായിദ്, മുസഫ എന്നിവിടങ്ങളിൽ നിന്നായി 31 അധ്യാപകർ  പരിശീലനത്തിൽ പങ്കെടുത്തു. മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അബുദാബി മേഖല കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, കൺവീനർ വി. പി. കൃഷ്ണകുമാർ, അൽ ഐൻ മലയാളം മിഷൻ അധ്യാപിക ഷാജിത അബൂബക്കർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top