22 February Friday

ഫാസിസത്തിന് എഴുത്തുകാരെ പേടി: എം മുകുന്ദന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2017

മനാമ > ഫാസിസം എഴുത്തുകാരെ പേടിപ്പിക്കുകയാണ്, അതിനാലാണവര്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. ഗണ്ണുകളോ, വിമാനവേധ റോക്കറ്റുകളോ അവരെ ഭയപ്പെടുത്തുന്നില്ല. ഭീരുക്കള്‍ ഭയപ്പെടുന്നത് എഴുത്ത് കാണുമ്പോഴാണ്. അതാണ് ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ എഴുത്തുകാരെ തിരഞ്ഞു പിടിച്ചു കൊന്നത്. ബഹ്റൈന്‍ പ്രതിഭ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന നോവലിന്റെ സ്വാധീനമാണ് ഫ്രാന്‍സില്‍ ഒരു ഏകാധിപതിക്ക് വാഴാന്‍ കഴിയാതെ പോയത്. ഹിറ്റ്‌ലര്‍ക്ക് മുമ്പ് വിക്ടര്‍ ഹ്യൂഗോ എന്ന എഴുത്തുകാരന്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്നെങ്കില്‍ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാകുമായിരുന്നില്ല. അതാണ് എഴുത്തിന്റെ ശക്തി. ഇക്കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗത്തില്‍ എഴുത്തുകാരോട് പറഞ്ഞത്, നിങ്ങള്‍ ഭയക്കേണ്ടതില്ല കേരളം കുടെയുണ്ട് എന്നാണ്. യോഗം കഴിഞ്ഞ് ഒന്നിച്ചിറങ്ങുമ്പോള്‍ ഞാന്‍ സഖാവിനോട് പറഞ്ഞത് ആ വാക്കുകള്‍ ഞങ്ങള്‍ക്ക് ബലമാണെന്നാണ്. അതെ, തീര്‍ച്ചയായും ബലം തന്നെയാണ്. കാരണം കേരള മനഃസാക്ഷി ആ വിധമാണ് പ്രതിലോമകാരികള്‍ക്കെതിരെ പടച്ചട്ട അണിഞ്ഞിരിക്കുന്നത്.

പക്ഷെ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സച്ചിദാനന്ദന്‍ എന്ന എഴുത്തുകാരന്റെ ജീവനെ കുറിച്ച് എനിക്ക് ഭയമാണ്.കാരണം ഞാന്‍ 40 വര്‍ഷം ജീവിച്ച ഡല്‍ഹിയടങ്ങിയ ഉത്തരേന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭീതിജനകമാണ്. അതിനാല്‍ നാം നമ്മുടെ പ്രതിരോധങ്ങള്‍ ഒക്കെ തന്നെയും സുസജ്ജമാക്കേണ്ടതുണ്ട്.അടുത്ത മാസം 16 ന് ഡല്‍ഹിയില്‍ കേരള മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രി‌വാളുമായി കൈകോര്‍ത്ത് എഴുത്തുകാരുടെ ഒരു സംഗമം വിളിച്ചു ചേര്‍ക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെമ്പാടുമുള്ള എഴുത്തുകാര്‍ ഫാസിസത്തിനെതിരെയുള്ള ഈ നീക്കത്തെ നോക്കി കാണുന്നത്. പ്രവാസികളായ നിങ്ങളും ആത്മ പ്രതിരോധത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍ക്കെ തിരെ പങ്കാളികളാകണം. അത് എല്ലാ അതിരുകളും ലംഘിച്ച് എഴുതാന്‍ ഞങ്ങള്‍ എഴുത്തുകാര്‍ക്ക് ബലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഭ ഹാളിലേക്ക് കടന്ന് വരുമ്പോള്‍ ഞാന്‍ ആഹ്ലാദവാനാണെന്നും മുകുന്ദന്‍ പറഞ്ഞു. കാരണം ഈ വേദിയുടെ പശ്ചാത്തലം ചുവപ്പാണ്. 'കുട നന്നാക്കുന്ന ചോയി' എന്ന തന്റെ നോവലിലെ ഒരു കഥാപാത്രം പറയുന്നത് എനിക്കെറെ ഇഷ്ടപ്പെട്ട നിറം ചുവപ്പാണ് എന്നാണ്.

ഈ പ്രവാസ ലോകത്തില്‍ നമ്മുടെതായ ഇടത്തില്‍ ഏറെ സംസാരിക്കാനുണ്ട്. ഈയിടെയായി പേന എഴുതുന്നില്ല. അതിനെ ആരോ പിറകോട്ട് വലിക്കും പോലെ ഒരു തോന്നല്‍. ബഷീര്‍ എഴുതിയ പോലെ (ഭഗവദ് ഗീതയും, നാല് മുലകളും) ഒരു കഥക്ക് പേരു നല്‍കാനാവുന്നില്ല.എം.ടി എഴുതിയ നിര്‍മാല്യം പോലുള്ള സിനിമയിലെ വെളിച്ചപാട് എന്ന കഥാ പാത്രത്തിന് ദേവീ വിഗ്രഹത്തിന് നേരെ തുപ്പാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രതിഭ പ്രസിഡണ്ട് കെഎം മഹേഷ് അധ്യക്ഷനായി. പി ശ്രീജിത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതവും സാഹിത്യ വേദി കണ്‍വീനര്‍ ബിനു സല്‍മാബാദ് നന്ദിയും പറഞ്ഞു

 

പ്രധാന വാർത്തകൾ
 Top