13 May Thursday

എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യം: ബഹ്‌റൈൻ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021

മനാമ  > എല്ലാവിധ കള്ള പ്രചാരങ്ങണളെയും  വര്‍ഗീയ അജണ്ടകളെയും അതിജീവിച്ചു ഇടതു പക്ഷ ജനാതിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ ബഹ്‌റൈന്‍ പ്രതിഭ അഭിന്ദിച്ചു.

തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതിയാണ് ഇടതുപക്ഷം ഭരണതുടര്‍ച്ച ഉറപ്പിച്ചത്. നാടിനെ നയിക്കാന്‍ ഇനിയും എല്‍ഡിഎഫ് തന്നെ വേണമെന്ന് കേരളം ഉറപ്പിച്ചു. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. നാല്‍പ്പത് വര്‍ഷത്തിനു ശേഷമാണ് ഒരു മുന്നണിയ്ക്ക് കേരളത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. എല്‍ഡിഎഫിന് വീണ്ടും ഭരണം ലഭിക്കുന്നത് ചരിത്രത്തിലാദ്യമായും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് ഈ വിജയം. പ്രവാസികളും ഈ വിജയത്തില്‍ ഏറെ ആഹ്ലാദിക്കുന്നു. കാരണം, മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ പ്രവാസികളെയും ഹൃദയത്തിലേറ്റിയ സര്‍ക്കാര്‍ ആയിരുന്നു പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ചത്.

പ്രളയവും മഹാമാരികളും കരുത്തോടെ നേരിട്ട്  എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചു സംരക്ഷിച്ചപ്പോള്‍ അതിലിരട്ടി സ്‌നേഹത്തോടെ തങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ ഈ സര്‍ക്കാരിനെ തങ്ങള്‍ സംരക്ഷിക്കും എന്ന കേരളജനതയുടെ പ്രഖ്യാപനം കൂടെയാണ് ഈ വിജയം.

വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ല എന്ന് ഈ വിജയം  ഉറക്കെ പ്രഖ്യാപിക്കുന്നു. പ്രധാന മന്ത്രി ഉള്‍പ്പെടയുള്ള ദേശീയ നേതാക്കള്‍ മതവികാരം പ്രധാന അജണ്ടയാക്കി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഒരു സീറ്റ് പോലും നല്‍കാതെ കേരളജനത തങ്ങളുടെ രാഷ്ട്രീയ നിലപാട് ഒരിക്കല്‍ കൂടെ ദൃഢമായി പ്രഖ്യാപിച്ചിരിക്കയാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും കള്ള കേസുകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിരന്തരം ശ്രമിച്ച കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കും കേരളത്തിലെ ജനങ്ങള്‍ നല്‍കിയ തിരിച്ചടികൂടിയാണ് ഈ ജനവിധി. അതോടൊപ്പം ജനാധിപത്യത്തെ വെല്ലുവിളിച്ചു  മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാല്‍ കേരളം ബിജെപി ഭരിക്കും എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ബിജെപി നേതാക്കളുടെയും ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ നല്‍കിയ ഉചിതമായ മറുപടി കൂടിയായി.

കേവലം അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളിലെല്ലാം തുരങ്കം വച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫിന്റെയും പ്രതിപക്ഷ നേതാവിന്റെയും  അടിസ്ഥാനരഹിതമായ  ആരോപണങ്ങളെയെല്ലാം ജനങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ഈ ജനവിധി സാക്ഷ്യപ്പെടുത്തുന്നു.

മതവും വിശ്വാസവും ആചാര അനുഷ്ടാനങ്ങളും രാഷ്ട്രീയത്തില്‍ നിന്നും വേറിട്ടതാണ് എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. കള്ളപ്രചാരങ്ങളില്‍ നിന്നും അഗ്‌നി ശുദ്ധി വരുത്തി തിളക്കമാര്‍ന്ന വിജയത്തിലൂടെ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍ഡിഎഫ് കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി സംഘ പരിവാര ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാന്‍ ഈ രാഷ്ട്രീയ മുന്നേറ്റം ഏറെ കറുത്ത് പകരുമെന്നും പ്രതിഭ സെക്രട്ടറി എന്‍വി ലിവിന്‍ കുമാറും പ്രസിഡന്റ് കെഎം സതീഷും പ്രസ്താവനയില്‍ അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top