കുവൈറ്റ് സിറ്റി> ഇന്ത്യയില്‍ മത നിരപേക്ഷത തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കടുത്ത വര്‍ഗീയ നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കുവൈറ്റ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇന്ത്യയില്‍ ഇടതുപക്ഷമാണെന്നും എല്‍ഡിഎഫ് കുവൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഏപ്രില്‍ 6ന് പതിനഞ്ചാം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. രണ്ട് രാഷ്ട്രീയ നിലപാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തെ സാമ്പത്തിക രംഗം പൂര്‍ണമായും സ്വകാര്യ മേഖലയ്ക്ക് അടിയറവെച്ച് സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരീകരിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വീകരിക്കുന്നത്. ഈ നയം ആദ്യമായി ഇന്ത്യയില്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസാണ്. ഇന്ന് ബിജെപി അതി തീവ്രമായി ഈ നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ബി.ജെ.പി സ്വീകരിക്കുന്ന എല്ലാ ജന വിരുദ്ധ നയങ്ങള്‍ക്കും കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് ഇതിന്റെ ഭാഗമാണ്.
കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷകാലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇന്ത്യയില്‍ അഴിമതി തീരെ കുറഞ്ഞ സംസ്ഥാനം കേരളമെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മേഖലയിലും പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട് . 2011 -2016 കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത സര്‍വ്വ മേഖലകളിലും വന്‍ വികസന കുതിപ്പ് നടത്തുവാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു.
വിദ്യഭ്യാസം, ആരോഗ്യം, തൊഴില്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍, ദേശിയ പാത വികസനം, ഗെയില്‍ പാചക വാതകലൈന്‍ പൂര്‍ത്തീകരണം, കെ ഫോണ്‍, പ്രവാസികളെ ഇത്രമേല്‍ പരിഗണിച്ചിട്ടുള്ള സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. പ്രവാസി ക്ഷേമനിധി പെന്ഷന് വര്‍ദ്ധിപ്പിച്ചത്, കോവിഡ് കാലത്ത് നാട്ടില്‍ അകപ്പെട്ട പ്രവാസികള്‍ക്ക് ധനസഹായം, കോവിഡ് ചികിത്സ പൂര്‍ണ്ണയും സൗജന്യമാക്കിയത്, തിരിച്ചു പോകുന്ന പ്രവാസികളുടെ പുനഃരധിവാസം തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ സാധിക്കും.
തീര്‍ത്തും പ്രവാസി സൗഹൃദ നിലപാട് സ്വീകരിക്കുന്ന ഈ സര്‍ക്കാരിന് തുടര്‍ ഭരണം സാധ്യമാക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. സംസ്ഥാനത്തുണ്ടായ മഹാപ്രളയങ്ങളും കോവിഡും എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ട രീതി ലോക പ്രശസ്തമാണ്. സംസ്ഥാനത്തെ ജനങ്ങളെ ഇത്തരം ഘട്ടത്തില്‍ സംരക്ഷിച്ച് അവരുടെ കൂടെ നിന്നത് കേരളം തിരിച്ചറിയുന്നു.ഇത്തരം ഘട്ടങ്ങളില്‍ കേരളത്തിലെ യുഡിഎഫ് സ്വീകരിച്ച സംസ്ഥാന വിരുദ്ധ, ജന വിരുദ്ധ സമീപനവും കേരളം മനസിലാക്കിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരെ ശരിയായ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ ആയുധം നഷ്ടപ്പെട്ട യു ഡിഎഫ്, ബിജെപിയുമായി കൂട്ടുചേര്‍ന്ന് അപവാദ പ്രചരണങ്ങള്‍ നടത്തുന്നു.
ഇതിനായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിച്ചതാണ്, എന്നിട്ടും പിറകോട്ട് പോകാതെ യുഡിഎഫ് ഇപ്പോള്‍ ബിജെപിയുമായി തെരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയിരിക്കുന്നു. ഇതിനെ ചെറുത്ത് തോല്‍പ്പിച്ച് ഒരു നവകേരളം സൃഷ്ടിക്കുവാന്‍ കേരള ജനത ഒറ്റകെട്ടായി നില്‍ക്കുബോള്‍ പ്രവാസികളും ഇതില്‍ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്.
എല്‍ഡിഎഫ് വിജയം സുനിശ്ചിതമാക്കാന്‍ കുവൈറ്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരില്‍ കല കുവൈറ്റ്, കേരള അസോസിയേഷന്, ഐ എം സിസി കുവൈറ്റ്, പ്രവാസി കേരള കോണ്‍ഗ്രസ് (എം), ജനത കള്‍ചറല്‍ സെന്റര്‍ എന്നി സംഘടനകള്‍ സംയുക്തമായി കമ്മിറ്റി രൂപികരിച്ച് വലിയ പ്രവര്‍ത്തനമാണ് ഒരു മാസമായി നടത്തിവരുന്നത്.
14 ജില്ലാ കമ്മിറ്റികള്‍ രൂപികരിച്ചു കണ്വെന്ഷന് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു. നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. തുടര്‍ന്ന് 140 നിയമസഭ മണ്ഡല കമ്മിറ്റികള്‍ രൂപീകരിച്ച് കണ്‍വെന്‍ഷനും മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. പ്രചരണത്തിന്റെ ഭാഗമായി നവ മാധ്യമസമിതി കുവൈറ്റ് എന്ന പേരില്‍ ഫേസ്ബുക് പേജ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു.നാട്ടില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രചരണ ബോര്‍ഡ് സ്ഥാപിച്ചു.വീഡിയോ ഗാനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍ തുടങ്ങി വിത്യസ്ത പ്രചരണ പരിപാടി സംഘടിപ്പിച്ചു.
തുടര്‍ഭരണം ഉറപ്പാണെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവാസികളോടും എല്‍ഡിഎഫ് കുവൈറ്റ് ഘടകം അഭ്യര്‍ത്ഥിച്ചു
ചെയര്മാന് - ലാല്‍
ജനറല്‍ കണ്‍വീനര്‍ - സി.കെ നൗഷാദ്
വൈസ് :ചെയര്മാന് - സത്താര്‍ കുന്നില്‍
കണ്‍വീനര്‍മാര്‍ - അഡ്വ: സുബിന് അറക്കല്‍, അബ്ദുള്‍ വഹാബ്
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ - എന്‍ അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..