09 May Sunday

ഇന്ത്യയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍: കെഎന്‍ ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020
 
റിയാദ് > ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാറായി  പിണറായി സര്‍ക്കാരിനെ തിരഞ്ഞെടുത്തത് ഇന്ത്യയിലേയും ലോകത്തിലേയും വിവിധ മാഗസിനുകളും ഏജന്‍സികളുമാണെന്ന് സിപിഐ-എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മുന്‍ രാജ്യസഭാംഗവും ആയ കെഎന്‍ ബാലഗോപാല്‍. 
കേളി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ തികച്ചും തൃണവല്‍ഗണിച്ചാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍ ഈ കോവിഡ് കാലത്തും ഭരണം നടത്തുന്നത്. കോവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താനോ, മരണ നിരക്ക് കുറക്കാനോ ഉള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. പകരം തൊഴിലാളി ദ്രോഹ നടപടികളും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുമായി മുന്നോട്ടു പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത്. എന്നാല്‍, കേരളത്തില്‍ മരണനിരക്ക് ലോകത്തിലേക്കും ഏറ്റവും കുറഞ്ഞ നിരക്കില്‍ പിടിച്ച് നിര്‍ത്താനും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യം ഒരുക്കിയും മുഴുവന്‍ ജനങ്ങള്‍ക്കും വിവിധ സഹായങ്ങള്‍ എത്തിച്ചും ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടിയെടുക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 
 
ജനങ്ങളുടെ പൊതു നന്മ ലക്ഷ്യമാക്കിയും, വികസനത്തിലുമൂന്നിയ ഭരണം കാഴ്ചവെക്കുന്ന ഇത്തരം ഒരു ഇടതുപക്ഷ ബദലിനെ തകര്‍ക്കാനാണ് വിവിധ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാരും അതിന് എല്ലാവിധ ഒത്താശയും ചെയ്യാനാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സും ഒരു വിഭാഗം വലതു പക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്. അതൊക്കെ അവഗണിച്ച് കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന് തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും,ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
 
ചടങ്ങില്‍ കേളി രക്ഷാധികാരി കണ്‍വീനര്‍ കെപിഎം സാദിഖ് വഫഅധ്യക്ഷനായി. കേളി കലാസംസ്‌കാരിക വേദിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് നാട്ടിലേക്ക് മടങ്ങിയ നിരവധി പ്രവര്‍ത്തകര്‍ ഈ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി സാദിഖ് പറഞ്ഞു. മത്സരിക്കുന്നവരെ അദ്ദേഹം കണ്‍വെന്‍ഷനില്‍ പരിചയപ്പെടുത്തി. 
 
സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു. ന്യൂ ഏജ് സെന്‍ട്രല്‍ എക്‌സി. അംഗം ഷാജഹാന്‍ കായംകുളം, ഐഎംസിസി നാഷണല്‍  കമ്മിറ്റി അംഗം സജ്ജാദ് സാഹിര്‍, കേളി രക്ഷാധികാരി സമിതി അംഗം ദയാനന്ദന്‍ ഹരിപ്പാട്, പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, ജോ: സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top