24 February Monday

കുവൈറ്റില്‍ ജോലിസ്ഥലത്തെ അപകടം: മരണസംഖ്യ ആറായി; മരിച്ചവരില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശികള്‍, പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

ടിവി ഹിക്മത്ത്Updated: Thursday Feb 13, 2020

കുവൈറ്റ് സിറ്റി> കുവൈത്തിലെ മുത്തല പ്രദേശത്തെ വര്‍ക്ക്സൈറ്റില്‍  ഇന്നലെയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ നാല് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. മറ്റു രണ്ടുപേര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ അറിവായിട്ടില്ല. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് മുത്തല ഭവന പദ്ധതിയുടെ നിര്‍മ്മാണ സ്ഥലത്ത് അപകടം ഉണ്ടായത്. പദ്ധതിയുടെ കരാറുകാരായ ചൈനീസ് കമ്പനിയിലെ തൊഴിലാളികളാണ് മരണമടഞ്ഞവര്‍.
 
പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അപകടത്തില്‍ പെട്ട തൊഴിലാളികള്‍. കുഴിയില്‍ പൈപ്പ് സംവിധാനം ഘടിപ്പിക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ മണല്‍ കാറ്റില്‍ പെട്ട് കുഴി മൂടപ്പെടുകയായിരുന്നു. ശക്തമായ മണല്‍കാറ്റിനെ തുടര്‍ന്നായിരുന്നു മണ്ണിടിച്ചില്‍.



തൊഴിലാളികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചിലര്‍ കുഴിയില്‍ വീഴുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന രക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ ആദ്യ ഘട്ടത്തില്‍ ഏഴു പേരെ പുറത്തെത്തിക്കാന്‍ സാധിച്ചുവെങ്കിലും ഇവരില്‍ 4 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ജഹറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തിട്ടുണ്ട്.

 ഇവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്.കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി റന അല്‍ ഫാരിസ് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. തൊഴിലാളികളുടെ മരണത്തില്‍ അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ് അനുശോചനം രേഖപ്പെടുത്തി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top