25 March Monday

തൊഴില്‍ മന്ത്രിയുടെ കുവൈത്ത് ,ഖത്തർ സന്ദര്‍ശനം പുതിയ കാൽവെപ്പ്

കുഞ്ഞമ്മദ് കൂരാച്ചുണ്ട് Updated: Saturday Jun 30, 2018

സംസ്ഥാന തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണന്റെ കുവൈത്ത് ,ഖത്തർ ,രാജ്യങ്ങളിലെ അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനം ചരിത്രപരമായ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധേയമാവുകയാണ് .സംസ്ഥാന സർക്കാറിന്റെ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒഡേപ്പെക്ക് വിദേശ രാജ്യങ്ങളിലെക്ക് കേരളീയരെ റിക്രൂട്ട് ചെയ്യാൻ വേണ്ടി മാത്രം സ്ഥാപിച്ച ഒരു സർക്കാർ സംവിധാനമാണ് .

എന്നാൽ അതിന്റെ പ്രവർത്തനങ്ങൾ കാലങ്ങളായി ഫലപ്രദമായ രീതിയിലായിരുന്നില്ല .വിദേശ രാജ്യങ്ങളിലെ തൊഴിൽ കമ്പോളങ്ങളിൽ തൊഴിൽ സാധ്യതകൾ മങ്ങി തുടങ്ങിയ ഒരു കാലത്ത് സർക്കാർ ചിലവിൽ പ്രവർത്തിക്കുന്ന ഒഡേപ്പെക്കിനെ ശാസ്ത്രീയമായി പുന:സംവിധാനം ചെയ്ത് തൊഴിലന്വേഷകർക്ക് പ്രയോജനകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  തൊഴിൽ വകുപ്പിന്റെ പുതിയ ഇടപെടൽ .പ്രവാസികൾക്ക് വേണ്ടി സ്ഥാപിതമായ ലോക കേരള സഭയുടെ ചർച്ചകളിൽ പ്രധാനമായും ഉന്നയിക്കപ്പെട്ട കാര്യങ്ങളിൽ ഒന്ന് പുതിയ തൊഴിൽ സാധ്യതകൾ  കണ്ടെത്തുക എന്നതാണ് .

പ്രവാസികളുടെ തിരിച്ചു വരവ് ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ പുതിയ കുടിയേറ്റം ലോകത്തെവിടെയും സാധ്യമാക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് തൊഴിൽ വകുപ്പിനുള്ളത് .ലോക കേരള സഭയുടെ സബ് കമ്മറ്റികളിൽ ഒന്ന് പ്രധാനമായുംഈയൊരു ലക്ഷ്യം മുൻനിർത്തി രൂപീകരിക്കപ്പെട്ടതാണ് .

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ മടക്കം കേരള സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കാൻ പോകുന്ന വലിയ തളർച്ചയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പരിഹാര നടപടികളിൽ ഒന്നാണ് പുതിയ കുടിയേറ്റ സാധ്യതകളുടെ അന്വേഷണം .നിലവിൽ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയിലേക്കും മറ്റുംനടക്കുന്ന റിക്രൂട്ട്മെന്റുകൾ പലവിധ തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും വിധേയമാകുന്നുണ്ട് .

അത്തരം തട്ടിപ്പുകളെ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ നിരന്തരം സ്ഥാനം പിടിക്കുകയാണ് .കുവൈത്തിലെ നഴ്സ് റിക്രൂട്ട്മെന്റ് തട്ടിപ്പ് അവിടത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു .

മലയാളികളെ കുറിച്ച് മോശപ്പെട്ട അഭിപ്രായം രൂപീകരിക്കുന്നതിലേക്ക് കുവൈത്തിലെ ഭരണാധികാരികളെ കൊണ്ടെത്തിക്കുന്നതിനാണ് തട്ടിപ്പ് കഥകൾ ഇടയാക്കിയത് .
പതിനായിരക്കണക്കിന് പാരാമെഡിക്കൽ വിദ്യാർത്ഥികൾ ഓരോ വർഷവും പഠിച്ചിറങ്ങുന്നുണ്ട്.ഇവരുടെ തൊഴിൽ ഉറപ്പുവരുത്താൻ കഴിയാവുന്നതെല്ലാം ചെയ്യുക എന്നത് സർക്കാറിന്റെ ചുമതലയായി മാറുകയാണ് .

ഇവിടെയാണ് ഗൾഫിലെ തൊഴിൽ മേഖല കേരളത്തിന് അനുകൂലമായി തിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ കേരള തൊഴിൽ വകുപ്പ് ഇടപെടുന്നത് .
സർക്കാർ ,സ്വകാര്യ ആരോഗ്യമേഖലയിൽ ആവശ്യമായി വരുന്ന ജോലിക്കാരെ കുറ്റമറ്റ രീതിയിൽ റിക്രൂട്ട് ചെയ്ത് തരാമെന്ന തൊഴിൽ മന്ത്രി ' ടി.പി രാമകൃഷ്ണൻ നയിച്ച ഒദ്യോഗിക സംഘത്തിന്റെ ഉറപ്പ് കുവൈത്ത് ,ഖത്തർ ആരോഗ്യ മന്ത്രാലയ അധികൃതർ സ്വീകരിച്ചിരിക്കയാണ് .

ഖത്തർ ആരോഗ്യ മന്ത്രി സ്ഥലത്തില്ലാത്തത് കൊണ്ട് അദ്ദേഹം ചുമതലപ്പെടുത്തിയ ആരോഗ്യ സഹമന്ത്രിയുമായി കേരള തൊഴിൽ വകുപ്പ് മന്ത്രിയും ഔദ്യോഗിക സംഘവും ദീർഘനേരം ചർച്ച നടത്തി .ചർച്ചയിൽ ഇരുഭാഗത്തും നല്ല ആശയ വ്യക്തതയുണ്ടാവുകയും തുടർ നടപടിയുണ്ടാവുമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു .ഗൾഫ് തൊഴിൽ വിപണിയിൽ നിന്നും മലയാളികൾ പിന്നാക്കം പോവുകയും മറ്റു രാജ്യങ്ങൾ പകരം ഇടം പിടിക്കുകയും ചെയ്യുന്ന ഗൗരവതരമായ സ്ഥിതി വിശേഷത്തെ മറികടക്കാൻ കേരളത്തിലെ തൊഴിൽ വകുപ്പിന്റെ ഇടപെടൽ കൊണ്ട് സാധ്യമാവും എന്ന പ്രതീക്ഷയാണ് പ്രവാസ ലോകത്തുള്ളത് .

ഇതൊരു പുതിയ കാൽവെപ്പാണ്. തൊഴിൽ വകുപ്പ് കേരളത്തിലെ തൊഴിൽ തർക്കങ്ങൾക്ക് മാത്രമല്ല പുതിയ തൊഴിലന്വേഷണ ഏജൻസി കൂടിയായി പരിവർത്തിക്കപ്പെടുന്നത് പുതിയ കാലത്തോട് ചെയ്യുന്ന നീതിയാണ് .

ആരോഗ്യ മേഖല റിക്രൂട്ട്മെന്റ് ലക്ഷ്യം വെച്ച് ഖത്തറിലെത്തിയ മന്ത്രിതല സംഘത്തിന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഉച്ച വിരുന്നൊരുക്കി കൊണ്ടാണ് കേരളത്തോടുള്ള സ്നേഹവും ആദരവും പ്രഖ്യാപിച്ചത് .ഖത്തറിലെ എല്ലാ സർക്കാർ റിക്രൂട്ട്മെന്റുകളിലും ഒഡേ പെക്കിനെ എം പാനൽ ചെയ്യാം എന്നുള്ള ഉറപ്പാണ് പ്രധാനമായും ഖത്തർ തൊഴിൽ മന്ത്രി നൽകിയത് .കൂടാതെ ഖത്തർ തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റിൽ മലയാള ഭാഷ കൂടി ഉൾപ്പെടുത്താനുള്ള ശ്രമവും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി .

ഈ വരുന്ന ആഗസ്റ്റിൽ കൂടുതൽ ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ തുടരാനുള്ള തീരുമാനവും നേടിയെടുക്കാൻ കേരള തൊഴിൽ വകുപ്പിന് സാധിച്ചു എന്നത് ചെറിയ കാര്യമല്ല .

പ്രവാസി മലയാളികളുടെ ചരിത്രത്തിൽ കേരളത്തിലെ ഒരു തൊഴിൽ മന്ത്രി രണ്ടു പ്രധാന രാജ്യങ്ങളിൽ നടത്തിയ സന്ദർശനവും അതിന് ആ രാജ്യങ്ങളിലെ ഭരണാധികാരികൾ നൽകിയ പ്രാധാന്യവും ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെടും .

കേരളത്തെയും ലോകത്തെ തന്നെയും മുൾമുനയിൽ നിർത്തിയ നിപ്പ വൈറസ് ബാധയെ കേരളം നേരിട്ട രീതിയെ ഖത്തർ ആരോഗ്യ സഹമന്ത്രി നിർല്ലോഭം വാക്കുകൾ കൊണ്ട് പ്രശംസിക്കുന്നതിനും ഖത്തർ വേദിയായി .

കുവൈത്തിലെയും ,ഖത്തറിലെയും മലയാളി വ്യവസായ പ്രമുഖരുമായും തൊഴിൽ മന്ത്രി കൂടിക്കാഴ്ച നടത്തുകയുണ്ടായി .കേരളം അങ്ങേയറ്റം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയിട്ടുണ്ടെന്ന് കാര്യകാരണ സഹിതം മന്ത്രി വ്യക്തമാക്കുകയുണ്ടായി  .നിക്ഷേപകരുടെ ആശങ്കകൾ അകറ്റാൻ കഴിഞ്ഞിട്ടുണ്ട് .

അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ വൻ കുതിച്ചു ചാട്ടം കഴിഞ്ഞ രണ്ടു വർഷം കൊണ്ട് കേരളത്തിലുണ്ടായിട്ടുണ്ട് .വൈദ്യതി ഉൽപ്പാദനം ,റോഡുകളുടെ  വികസനം തൊഴിൽ നിയമ പരിഷ്കാരം ഇവയെല്ലാം കേരള വികസനം ലക്ഷ്യം വെച്ച മഹത്തായ ചുവടുവെപ്പാണെന്ന് മന്ത്രി വ്യക്തമാക്കി .

അടുത്ത മൂന്ന് വർഷം കൊണ്ട് അൽഭുതകരമായി വികസനപരമായിപരിവർത്തിക്കപ്പെടുന്ന ഒരു സംസ്ഥാനത്തെ നിങ്ങൾക്ക് കാണാനാവുമെന്ന് മന്ത്രി ഉറപ്പു നൽകി .
ഇരു രാജ്യത്തെയും സാമൂഹ്യ ,സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളെയും കാണാൻ മന്ത്രി സമയം കണ്ടെത്തി .രാഷ്ട്രീയ ഭേദമന്യേ അഭിപ്രായങ്ങൾ കേൾക്കാക്കാനും കേരള സർക്കാറിന് പിന്തുണ അഭ്യർത്ഥിക്കാനും മന്ത്രി തയ്യാറായി .

മന്ത്രിമാരുടെ പതിവ് ഗൾഫ് സന്ദർശത്തിൽ നിന്നും വ്യത്യസ്തമായ ഒരു ചുവട്വെപ്പാണ് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് .

ഷാർജ ഭരണാധികാരി കേരളത്തിൽ വന്നതും തുടർന്നു അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങളും കേരളത്തിന് വലിയ ആശ്വാസം നൽകിയത് സമീപകാലത്താണല്ലോ .
കേരളത്തിലെ തൊഴിലന്വേഷകർക്ക്  ആശ്വാസം പകരാൻ തൊഴിൽ വകുപ്പ് മന്ത്രിയുടെ ഗൾഫ് സന്ദർശനം കൊണ്ട് സാധിച്ചു എന്നുള്ളത് നിസ്തർക്കമാണ് .
തുടർ നടപടികളുടെ വേഗത പ്രതീക്ഷകൾക്ക് ചിറക് നൽകട്ടെ എന്നാണ് മലയാളികൾ ആശംസിക്കുന്നത് .

പ്രധാന വാർത്തകൾ
 Top