22 September Tuesday

വിദേശികളെ തിരികെ കൊണ്ടുവരാന്‍ കുവൈത്തില്‍ മൂന്നു ഘട്ട പദ്ധതി

അനസ് യാസിന്‍Updated: Sunday Aug 9, 2020

മനാമ > കൊറോണവൈറസ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് കുവൈത്ത് പരിഗണിക്കുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയം മൂന്നു ഘട്ട പദ്ധതി തയ്യാറാക്കി വിദേശ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

മുന്‍ഗണന അടിസ്ഥാനത്തിലാകും ആളുകളെ തിരിച്ചു കൊണ്ടുവരിക. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ ഡോക്ടര്‍, നഴ്സ് അടക്കം മെഡിക്കല്‍ പ്രൊഫഷണലുകള്‍, ന്യായാധിപര്‍, പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവരെ കൊണ്ടുവരും. രണ്ടാം ഘട്ടത്തില്‍ കുടുംബം കുവൈത്തിലുള്ള, കാലാവധിയുള്ള കുടുംബ വിസയുള്ളവരെയാണ് പരിഗണിക്കുക. മൂന്നാം ഘട്ടത്തില്‍ മറ്റുള്ള പ്രവാസികളെ പരിഗണിക്കും.
മാര്‍ച്ച് 12 നാണ് കുവൈത്ത് വിദേശ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.

അവധിക്ക് നാട്ടിലേക്ക് പോയിരുന്ന പതിനായിരകണക്കിന് പ്രവാസികളാണ് ഇതോടെ കുടുങ്ങിയത്. ഇങ്ങിനെ നാട്ടില്‍ കുടുങ്ങിയ 70,000ല്‍ അധികം പേരുടെ വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുവൈത്തിലേക്ക് വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് തിരിച്ചു വരാനും പദ്ധതി പരിഗണിക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന  പ്രവാസികളുടെ തിരിച്ചു വരവിന് പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം. വിസ അനുവദിച്ചിട്ടും രാജ്യത്തേക്ക് വരാന്‍ കഴിയാത്തവര്‍ക്ക് പുതിയ വിസ അനുവദിക്കണമെന്നതടക്കം ആഭ്യന്തര മന്ത്രാലയം ശുപാര്‍ശയിലുണ്ട്.

ആഗസ്ത് ഒന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ കുവൈത്തില്‍ പ്രവേശിക്കുന്ന ത് വിലക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കുവൈത്തിലെ ട്രാവല്‍സുകള്‍ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ്‌, ക്വാാന്റയ്ന്‍ ചെലവടക്കമാണ് നിരക്ക്.
കുവൈത്തില്‍ 30 ലക്ഷം പ്ര വാസികളില്‍ 14.5 ലക്ഷം ഇന്ത്യക്കാരാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top