18 June Tuesday

കെഫാക്-കെ-വാല്യൂ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്നിന് തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Thursday Jan 31, 2019

കുവൈറ്റ് സിറ്റി> കേരള എക്സ്പറ്റ് ഫുട്ബോള്‍ അസോസിയേഷന്‍ കുവൈത്ത് കെവാല്യൂയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആറാമത്  അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്നിന്  വെള്ളിയാഴ്ച വൈകിട്ട് 2:30 മുതല്‍ മിശ്‌രിഫിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും.

കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി  സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയില്‍ കെഫാകില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള  800 -ല്‍ പരം മലയാളി താരങ്ങള്‍  വിവിധ ജില്ലകള്‍ക്കായി ബൂട്ടണിയും. രണ്ടര മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ  ജില്ലാ ടീമുകളോടൊപ്പം ഇടുക്കി,ആലപ്പുഴ,കോട്ടയം , പത്തനംതിട്ട ജില്ലാ ടീമുകള്‍ ഉള്‍പ്പെടുന്ന സതേണ്‍ കേരളയും  2 ഗ്രൂപ്പുകളിലായി ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ ഏറ്റുമുട്ടും .

കേരളത്തിലെയും  പ്രവാസി ഫുട്ബോളിലെയും  പ്രശസ്ത താരങ്ങളായിരുന്ന വെറ്ററന്‍സ് കളിക്കാര്‍  അണിനിരക്കുന്ന  മാസ്റ്റേര്‍സ് ലീഗും, യുവരക്തങ്ങൾ കൊമ്പുകോർക്കുന്ന സോക്കര്‍ ലീഗുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്ന 4 ടീമുകള്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും. അന്തര്‍ജില്ല സോക്കര്‍ ലീഗില്‍ ഇന്ത്യയിലെ വിവിധ പ്രൊഫഷണല്‍ ക്ലബുകളായ സെസ ഗോവ, മുംബൈ എഫ്‌സി, എഫ്‌.സി കൊച്ചിന്‍, വിവകേരള, ടൈറ്റാനിയം, സെന്‍ട്രല്‍ എക്‌സൈസ്, എസ്ബിടി തുടങ്ങിയ ക്ലബുകളിലും കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിലും യൂണിവേഴ്സിറ്റി തലങ്ങളിലും തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ വിവിധ ജില്ലകള്‍ക്കായി അണിനിരക്കുന്നു. മത്സരത്തില്‍ മാറ്റൊരുക്കുന്ന ജില്ലാ ടീമുകള്‍ക്ക് മൂന്ന് അതിഥി താരങ്ങളെ പങ്കെടുപ്പിക്കാം.

എല്ലാ വെള്ളിയാഴ്ചകളിലും 2:30 മുതൽ  ഇരു കാറ്റഗറിയിലുമായി   4 മത്സരങ്ങള്‍ വീതം നടക്കും. കെഫാകിലെ വിവിധ ക്ലബ്ബുകളില്‍ അണിനിരന്നിട്ടുള്ള ഫുട്‌ബോള്‍ താരങ്ങള്‍ തങ്ങളുടെ ജില്ലകള്‍ക്കായി പോരാടുന്ന ആവേശകരമായ ഫുട്‌ബോള്‍ ഉത്സവമാണ് വരുന്ന രണ്ടര  മാസക്കാലം കുവൈത്തില്‍ അരങ്ങേറാന്‍ പോകുന്നത്. ഉദ്ഘാടന സെഷനില്‍ കുവൈത്തിലെ ജില്ല അസോസിയേഷന്‍ ഭാരവാഹികള്‍, മലയാളി പൗരപ്രമുഖര്‍, കുവൈത്തിലെ മലയാളി ബിസിനസ് പ്രമുഖര്‍, കേഫാക് സ്‌പോൺസർമാർ  തുടങ്ങിയവരുടെ സാന്നിധ്യത്തില്‍  കിക്കോഫ് നിര്‍വഹിക്കും.  എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 2:30 മണി മുതല്‍ 9 മണി വരെ ദിവസവും 8 മത്സരങ്ങള്‍ നടക്കും. ഉദ‌്ഘാടന ദിവസത്തില്‍ മാസ്റ്റേര്‍സ് ലീഗില്‍  തൃശൂര്‍  കോഴിക്കോടിനേയും, മലപ്പുറം കണ്ണൂരിനേയും,  തിരുവനന്തപുരം കാസര്‍ഗോടിനേയും, സതേണ്‍ കേരള എറണാകുളവുമായി ഏറ്റുമുട്ടും. സോക്കര്‍ ലീഗില്‍ തിരുവനന്തപുരം കോഴിക്കോടിനേയും, മലപ്പുറം സതേണ്‍ കേരളേയും, വയനാട് എറണാകുളത്തേയും , കണ്ണൂര്‍ തൃശൂരിനേയും നേരിടും. കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ആസ്വാദകര്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി  കെഫാക് ഭാരവാഹികള്‍ അറിയിച്ചു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top