18 June Friday

കുവൈത്തും ഒമാനും രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

അനസ് യാസിന്‍Updated: Saturday May 15, 2021

മനാമ > കോവിഡ് 19 ന്റെ വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ കുവൈത്തും ഒമാനും നീക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ഈ മാസം 28 മുതല്‍ ഘട്ടംഘട്ടമായി നീക്കുമെന്ന് ഖത്തര്‍ അറിയിച്ചു.

66 ദിവസത്തിനുശേഷമാണ് കുവൈത്ത് കര്‍ഫ്യൂ പിന്‍വലിച്ചത്. പൊലീസ് ചെക്ക്‌പോസ്റ്റുകള്‍ എടുത്തുകളഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 7 നാണ് രാജ്യത്ത് രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഒമനില്‍ മെയ് എട്ടുമുതല്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ശനിയാഴ്ച പിന്‍വലിച്ചു. എന്നാല്‍, സൂപ്പര്‍ മാര്‍ക്കറ്റ്, റെസ്റ്ററോണ്ട് എന്നിവ രാത്രി എട്ടിന് ശേഷം പ്രവര്‍ത്തിക്കരുത്. റെസ്റ്ററോണ്ടുകളില്‍ എട്ടിനുശേഷം ഡെലിവറി ആകാം. റെസ്റ്ററോണ്ടുകള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവവയില്‍ സാധാരണ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. റെസ്റ്ററോണ്ടുകളിലും കോഫി ഷോപ്പുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം.

ജിമ്മുകള്‍ അടച്ചിടുന്നത് തുടരും. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറക്കാം. പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ ജോലി പുനരാരംഭിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്കാണ് അനുമതി. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ എണ്ണം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ജോലിസ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജീവനക്കാര്‍ അവരുടെ നിയമനങ്ങള്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കാനും അനുവദിച്ചു.

ഖത്തറില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ മെയ് 28 മുതല്‍ നാല് ഘട്ടമായാണ് പിന്‍വലിക്കുക. ഓരോ ഘട്ടവും മൂന്നാഴ്ച നീളുമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ പറഞ്ഞു. വാക്‌സിന്‍ ലഭിച്ചവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭ്യമാക്കും. ദേശീയ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിവേഗം പുരോഗമിക്കുകയാണ്. 17 ലക്ഷത്തിലധികം ഡോസുകള്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ കവറേജിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളില്‍ ഖത്തര്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top