21 February Thursday

ഗാർഡ കാർഡ് രജിസ്ട്രേഷൻ: ക്രാന്തിയുടെ പ്രതിഷേധ സമരം വൻ വിജയം; അടുത്ത വർഷം മുതൽ പുതിയ സംവിധാനമെന്ന് അധികൃതർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ഡബ്ലിൻ > ഡബ്ലിനിലെ എമിഗ്രേഷൻ ഓഫീസിന്റെ കാര്യക്ഷമത കുറവിൽ പ്രതിഷേധിച്ച് അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം വൻവിജയമായി.   ഗാർഡ കാർഡ് രജിസ്ട്രേഷനും പുതുക്കലിനും നേരിടുന്ന കാലതാമസം, ഓൺലൈൻ സിസ്റ്റത്തിലെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ്‌ ക്രാന്തി  പ്രതിഷേധ സമരം സംഘടിപ്പിച്ചത്‌.  പ്രതിഷേധ സമരത്തെ തുടർന്ന്‌ നിലവിലെ ഓൺലൈൻ വിസ രജിസ്ട്രേഷൻ സമ്പ്രദായം പൂർണ്ണമായും ഉടച്ചുവാർക്കുമെന്നുള്ള ഉറപ്പ് ബന്ധപ്പെട്ട വകുപ്പിന്റെ അധികൃതരിൽ നിന്നുമുണ്ടായി.സമരം സോഷ്യൽ മീഡിയായിലും, ഐറിഷ് മാദ്ധ്യമങ്ങളിലും  ശ്രദ്ധ നേടിയിരുന്നു.

ന്യായവും, സുതാര്യവുമായ സംവിധാനത്തിലൂടെ കാലതാമസം കൂടാതെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക, രജിസ്ട്രേഷൻ ഫീസിലെ വൻ വർദ്ധനവ് ഒഴിവാക്കുക, ഡബ്ലിൻ കേന്ദ്രീകരിച്ച് കൂടുതൽ ഓഫീസുകൾ  ആരംഭിക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ആന്റി റേസിസ്റ്റ് നെറ്റ് വർക്ക് അയർലണ്ടുമായി സഹകരിച്ചാണ് ക്രാന്തി സമരം സംഘടിപ്പിച്ചത്. ഡബ്ലിനിലെ എമിഗ്രേഷൻ ഓഫീസിനു മുൻപിൽ നടന്ന സമരത്തിനു തൊട്ടുപിന്നാലെയാണ് ശാശ്വതമായ പരിഹാരം ഉടൻ തന്നെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചത്.

ആന്റി റേസിസം നെറ്റ്‌വർക്ക് അയർലണ്ട്, ബ്രസീലിയൻ ലെഫ്റ്റ്  ഫ്രന്റ്  തുടങ്ങിയ സംഘടനകൾ മുൻപ് ഇതേ വിഷയങ്ങൾ ഉന്നയിച്ചു സമരങ്ങൾ സംഘടിപ്പിക്കുകയും ക്രാന്തി അവയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആ സമരങ്ങളുടെ തുടർച്ചയെന്നോണം ക്രാന്തി നടത്തിയ സമരമാണ് ഇപ്പോൾ വിജയം കണ്ടത്. ഫീസ് കുറക്കുന്നത് ഉൾപ്പെടെയുള്ള മറ്റാവശ്യങ്ങളിൽ പരിഹാരം കാണാത്തപക്ഷം സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ള സമരരംഗത്തുള്ള മറ്റു സംഘടനകളുമായി കൂടിയാലോചിച്ചു ഭാവി പരിപാടികൾക്ക് ക്രാന്തി രൂപം നൽകുന്നതാണ്.

അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറുമായ ഐലീഷ് റയാൻ, ഡബ്ലിൻ റെന്റേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച് ഡേവിഡ് ഡോയലും സമരത്തിൽ പങ്കെടുത്തു.പ്രതിഷേധ സമരത്തിനു പിന്തുണയേകിയ എല്ലാ സംഘടനകളോടും, വ്യക്തികളോടും ക്രാന്തി നന്ദി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top