20 October Tuesday

സർക്കാരിനെതിരെ അട്ടിമറി ആഹ്വാനം കെപിസിസി ലെറ്റർ പാഡിൽ :സർക്കുലർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Sep 5, 2020

കൊച്ചി> സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  ആഹ്വാനം ചെയ്‌തത്‌ കെപിസിസി ലെറ്റർപാഡിൽ. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌ ഫയലുകൾ ചോർത്താൻ ആവശ്യപ്പെട്ടത്‌ മുല്ലപ്പള്ളി ആവശ്യപ്പെട്ടത്‌. കെപിസിസിയുടെ ലെറ്റർ ഹെഡിൽ യോഗതീരുമാനങ്ങൾ സംഘടനാ നേതാക്കൾക്ക്‌ നൽകിയിട്ടുണ്ട്‌.

സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തണമെന്നും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‌ സഹായകരമായ പ്രവർത്തനം നടത്താനും യോഗം നിർദേശിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്‌ട്രീയ പാർടി നേരിട്ട്‌ വിളിച്ച്‌ സർക്കാരിനെതിരെ രംഗത്ത്‌ വരാൻ നിർദേശിക്കുന്നത്‌ ഇതാദ്യമായാണ്‌.



സർവീസ്‌ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി ആഗസ്റ്റ് 19നാണ് ഓഫീസേഴ്‌സ്‌ ആൻഡ്‌ സർവീസ്‌ ഓർഗനൈസേഷൻസ്‌ സെല്ലിന്‍റെ ഓൺലൈൻ യോഗം മുല്ലപ്പള്ളി വിളിച്ചു ചേർത്തത്.യോഗത്തിൽ 40 ഉദ്യോഗസ്ഥർ പങ്കെടുത്തു. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട്‌ രവി തുടങ്ങിയവരും പങ്കെടുത്തു. കെപിസിസിയുടെ ലെറ്റർ ഹെഡ്ഡിലെ യോഗത്തിന്‍റെ നടപടിക്കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു.ഓഫീസേഴ്‌സ്‌ ആൻഡ്‌ സർവീസ്‌ ഓർഗനൈസേഷൻസ്‌ സെല്ലിന്റെ പേരിൽ ഓൺലൈനായാണ്‌ യോഗം ചേർന്നത്‌. ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി എസ്‌ ശ്രീകുമാറാണ്‌ സെൽ കൺവീനർ.ചില കേന്ദ്ര ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.

സർക്കാർ വിവരങ്ങൾ ചോർത്തി കെപിസിസിക്ക്‌ നൽകണമെന്നാണ്‌ യോഗത്തിൽ കെപിസിസി അധ്യക്ഷന്‍റെ പ്രധാന നിർദേശം‌.വികസന ക്ഷേമ പ്രവർത്തനങ്ങൾ താമസിപ്പിക്കുകയും അർഹരായവർക്ക്‌ ആനുകൂല്യം നൽകാതിരിക്കാനും ശ്രമിക്കുക, ഓഫീസുകൾ കേന്ദ്രീകരിച്ച്‌ ജനങ്ങളെ പരമാവധി സർക്കാരിനെതിരാക്കുക, വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക, വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക്‌ നൽകി വിവാദമാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നൽകിയ സഹായത്തിന്‌ കെപിസിസിയുടെ നന്ദിയും ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ‌അടുത്ത സാഹചര്യത്തിലാണ്‌ മുല്ലപ്പള്ളി നേരിട്ട്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എന്നതും ശ്രദ്ധേയം‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top