27 May Monday

കേരളത്തിന് സര്‍വതലസ്പര്‍ശിയായ വികസനം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

റിയാദ് > സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വതലസ്‌പ‌ര്‍ശിയും ജനകീയവുമായ വികസന പ്രവര്‍ത്തനങ്ങളുമായാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യ നവോദയ സാംസ്‌കാരികവേദി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

കഴിഞ്ഞ യുഡിഎഫ്  സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിനിന്ന കൂടംകുളം ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള 440 കെ വി ലൈന്‍, ഗെയ്ല്‍ പൈപ്പ് ലൈന്‍, നാല് വരി, ആറു വരി പാതകള്‍ എന്നിവയുടെ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. പരിസ്ഥിതി സൗഹൃദവും, ജനകീയവുമായിരിക്കണം വികസന പ്രവര്‍ത്തനങ്ങള്‍ എന്ന ഇടതുപക്ഷ കാഴ്ചപ്പാടിനനുസൃതമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കുന്ന ലൈഫ്  പദ്ധതിയുടെ ഭാഗമായി ഇതിനകം ഒന്നേകാല്‍ ലക്ഷത്തോളം വീടുകളുടെ പണി  പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. ആരോഗ്യമേഖലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്.

സര്‍ക്കാരിന്റെ ജനകീയ ആരോഗ്യ പദ്ധതികള്‍ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍ നിന്ന് സാധാരണ ജനങ്ങളെ മോചിപ്പിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് നടന്ന വിപ്ലവകരമായ നേട്ടങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും ലാഭത്തിലാക്കാനും  കഴിഞ്ഞു. ഇത് വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ കാര്‍ഷികസംസ്‌കാരം തിരികെ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കാര്‍ഷികോത്പ്പാദന രംഗത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാനാവാത്ത നോക്കുകൂലി സമ്പ്രദായം സര്‍ക്കാരിന്റെ ഇടപെടലുകളിലൂടെ നിര്‍ത്തലാക്കാന്‍ സാധിച്ചു. ഹര്‍ത്താലില്‍ നിന്നും വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കാനെടുത്ത തീരുമാനം ടൂറിസം മേഖലയെ സജീവമാക്കി.  കേരളവികസനത്തില്‍ പ്രവാസികളുടെ പങ്കു വളരെ വലുതാണ്. ഭാവിയിലും അതുണ്ടാവണം.

സ്വദേശിവല്‍ക്കരണം കാരണം തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കുന്നതിനനുകൂലമായ സാഹചര്യം ഉണ്ടാവണം. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ട നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിലൂടെ കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കണം. പ്രവാസി വിഷയങ്ങളില്‍ ശക്തമായി ഇടപെടാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞതിന്റെ ഏറ്റവും വലിയ തെളിവാണ് ഷാര്‍ജ ജയിലില്‍ കഴിഞ്ഞ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ കഴിഞ്ഞത്. അത് പോലെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ നടന്നു വരികയാണ്.അതിന്റെ ഭാഗമായാണ് ലോക കേരളസഭ രൂപവത്ക്കരിച്ചു പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.    ഇതിനു കക്ഷി രാഷ്ട്രീയഭേദമന്യേ കേരളീയ സമൂഹം ഒറ്റക്കെട്ടായി നില നില്‍ക്കണം. എന്നാല്‍ സങ്കുചിത രാഷ്ട്രീയ മത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയ മതമൗലിക ശക്തികള്‍ നുണ പ്രചാരണങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുകയാണ്. അന്ധവിശ്വാസത്തിനും, അനാചാരത്തിനും, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ നിലപാടെടുത്ത എഴുത്തുകാരും പത്രപ്രവര്‍ത്തകരുമായ നിരവധി പേരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് മതത്തിന്റെ പേരില്‍ ഭ്രാന്ത് പടര്‍ത്തുകയാണ്, ഇതിനെതിരെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഒന്നിക്കണമെന്ന് അദേഹം പറഞ്ഞു.

ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രവാസികളെ ആദരിച്ചു. നാസ് വക്കം (ജീവകാരുണ്യം) ഇ കെ മുഹമ്മദ് ഷാഫി (വിദ്യാഭ്യാസം) അഹമ്മദ് പുളിക്കല്‍ (ആരോഗ്യം) ഡോ. സിദ്ദിക്ക് അഹമ്മദ് (വ്യവസായം) ഹനീഫ മൂവാറ്റുപുഴ (സാമൂഹ്യ ക്ഷേമം) എന്നിവര്‍ക്കുള്ള ഉപഹാരം കോടിയേരി സമ്മാനിച്ചു. പ്രവാസിസംഗമത്തോടനുബന്ധിച്ചു നടന്ന അര്‍ജന്റീന, ബ്രസീല്‍ ഫാന്‍സ് ഫുട്‌ബോള്‍ മത്സരവിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ കൈമാറി, നവോദയ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പ്രദര്‍ശനത്തിന്റെ പവലിയന്‍ ഉദ്ഘാടനം  ദമ്മാം ഇന്റര്‍നേഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദും ഭക്ഷ്യമേളയുടെ ഉദ്ഘാടനം നവോദയ കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ് ഷിജി ജയകൃഷ്ണനും, ഓപ്പണ്‍ ക്യാന്‍വാസ് ചിത്ര രചനയുടെ ഉദ്ഘാടനം കുടുംബവേദി വനിതാ കണ്‍വീനര്‍ ഷാഹിദ ഷാനവാസും ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ദാറുല്‍ ഷിഫ ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് അഫ്‌നാസും നിര്‍വഹിച്ചു.   നവോദയ കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കില്‍ അധ്യക്ഷനായി. കേരള പ്രവാസി ക്ഷേമനിധി ഡയറക്ട്ടര്‍ ബോര്‍ഡ് അംഗം  ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു. ജനറല്‍ സിക്രട്ടറി എം എം നയീം സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ ഇ എം കബീര്‍ നന്ദിയും പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top