22 September Tuesday
മലയാളി സംഘടനകള്‍ അനുശോചിച്ചു

കോവിഡ് ബാധിച്ച് മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 17, 2020
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി സ്വദേശി സാം സാമുവേല്‍ (51) നിര്യാതനായി. 
കൊറോണവൈറസ് ബാധിതനായി കഴിഞ്ഞ ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന സാം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. 
 
ബഹ്‌റൈന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെയാണ് രോഗബാധിതനായത്. ദിവസങ്ങളോളം ആശുപത്രിയില്‍ അത്യസന്ന നിലയിലായിരുന്നു. നിസ്വാര്‍ത്ഥനായ പൊതു പ്രവര്‍ത്തകനായിരുന്നു സാം സാമുവേല്‍ സബര്‍മതി കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു.
 
കോവിഡ് കാരണം പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാനും നാട്ടില്‍ പോകാന്‍ ടിക്കറ്റിന് പണമില്ലാതെ വിഷമിച്ചവര്‍ക്ക് സഹായഹസ്തമാകാനും സാം മുന്നിലുണ്ടായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ജീനക്കാരനായിരുന്ന സാം ജോലിക്കു ശേഷം ലഭിക്കുന്ന സമയങ്ങള്‍ പൊതു പ്രവര്‍ത്തനത്തിനാണ് നീക്കിവെച്ചിരുന്നത്. 
 
കഴിഞ്ഞ 25 വര്‍ഷമായി ബഹ്‌റൈനിലുണ്ട്.  ഭാര്യ: സിസിലി സാം. മക്കള്‍: സിമി സാറ സാം, സോണി സാറ സാം.
 
സാമിന്റെ മരണം മലായളി സമൂഹത്തെ ദു:ഖത്തിലാഴ്ത്തി. നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു. പൊതു പ്രവര്‍ത്തനത്തില്‍ എന്നും മാതൃകയാണ് സാമെന്നും നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെയാണ് മലയാളി സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും അവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കായി നിരന്തരം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു സാമെന്നും അവര്‍ ഓര്‍മ്മിച്ചു. 
 
പൊതുപ്രവര്‍ത്തകര്‍മാതൃകയാക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ കാണിച്ചു തന്നിട്ടാണ് അദ്ദേഹം വിട പറഞ്ഞത്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി എന്നും ഒപ്പം സഞ്ചരിച്ച മനുഷ്യസ്‌നേഹിയായിരുന്നു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലേക്ക് പോകാന്‍ പ്രയാസമനുഭവിക്കുന്ന ഒരു കുടുംബത്തിന് ടിക്കറ്റിനു വേണ്ടി ബഹ്‌റൈന്‍ പ്രതിഭ ഭാരവാഹികള്ുമായൃം ബന്ധപ്പെടുകയും 'കൈകോര്‍ത്ത് കൈരളി' പദ്ധതിയില്‍ അവരെ നാട്ടിലേക്കയക്കുയക്കുയും ചെയ്തിരുന്നതായി പ്രതിഭ വൈസ് പ്രസിഡന്റ് പി ശ്രീജിത്ത് അനുസ്മരിച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top