23 October Friday

കോവിഡ്‌കാലത്തെ സേവനം : മലയാളി നേഴ്‌സിന്‌ സൗദിയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


സ്വന്തം ലേഖകൻ
കോവിഡ് മഹാമാരിക്കാലത്ത് മലയാളി നേഴ്‌സിന്റെ ആത്മാർഥതയ്‌ക്കും അർപ്പണ മനസ്‌കതയ്‌ക്കും സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആദരം. ജിസാനിൽ അബൂ അരീഷ്‌ ജനറൽ ആശുപത്രിയിൽ ഹെഡ്‌ നേഴ്‌സായ‌ കണ്ണൂർ ഏരുവേശി സ്വദേശിനിയായ ഷീബ അബ്രഹാമിനെയാണ്‌ ആദരിച്ചത്‌. രാജ്യത്തെ മികച്ച 20 ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന പരിപാടിയിലാണ്‌ ഷീബയ്‌ക്ക്‌ അംഗീകാരം. ബാക്കി 19 പേരും സൗദി പൗരരാണ്‌.

ഏപ്രിലിൽ പപ്പ മരിച്ച വിവരം നാട്ടിൽനിന്ന്‌ വിളിച്ചറിയിക്കുമ്പോൾ ഷീബ കോവിഡ്‌ ഡ്യൂട്ടിയിലായിരുന്നു. മനമുരുകി അവൾ പിപിഇ കിറ്റിനുള്ളിൽ കോവിഡ്‌ ചികിത്സാച്ചുമതല തുടർന്നു; തുടർച്ചയായ അഞ്ചുമാസം. ഈ മാതൃകാ സേവനത്തെയാണ്‌ സൗദി ആദരിച്ചത്‌.

പുരസ്‌കാരം അധികൃതർ ആശുപത്രിയിലെത്തി ഷീബയ്‌ക്ക് കൈമാറി.  ആശുപത്രി അധികൃതരും സൗദിയിലെ നിരവധി മലയാള സംഘടനകളും ഷീബയെ അനുമോദിച്ചു. കോവിഡ്‌ മഹാമാരിയെ പിടിച്ചുകെട്ടാൻ കേരളം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ലോകത്തിന്റെയാകെ അംഗീകാരം നേടുന്ന വാർത്തകൾ കേൾക്കുകയും ചെയ്‌തത്‌ കോവിഡ്‌ ഡ്യൂട്ടി ചുമതല ഏറ്റെടുക്കാൻ പ്രചോദനമായെന്ന്‌ ഷീബ ദേശാഭിമാനിയോട്‌ പറഞ്ഞു.

ഏരുവേശിയിലെ കർഷകൻ പരേതനായ വാഴക്കാട്ട് അബ്രഹാമിന്റെയും കൈപ്പുഴ ഫിലോമിനയുടെയും മകളാണ്‌. 14 വർഷമായി അബൂ അരീഷ് ജനറൽ ഹോസ്പിറ്റലിൽ ഹെഡ് നേഴ്സാണ്. ഭർത്താവ് സൗദിയിൽ ബിസിനസുകാരനായ പയ്യാവൂർ സ്വദേശി ഷീൻസ് ലൂക്കോസ്. വിദ്യാർഥികളായ സീബെർട്ട് ഷീൻസ്, സ്റ്റുർട്‌ ഷീൻസ് എന്നിവരാണ് മക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top