21 November Thursday

ചേതന UK യുടെ കേരളപ്പിറവി ആഘോഷം 9ന്‌ ബോൺമൗത്തിൽ ; ഉദ്‌ഘാടനം യെച്ചൂരി

ലിയോസ് പോൾUpdated: Thursday Nov 7, 2019

ലണ്ടൻ>  ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ ആഘോഷിക്കും. സിപിഐ എം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും

2009ൽ രൂപം കൊണ്ട ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾക്ക്  കഴിഞ്ഞ സെപ്റ്റംബർ 21ന് ഓക്‌സ്‌ഫോഡിൽ തുടക്കമിട്ടിരുന്നു.  പ്രഭാഷകനും,എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിൻ്റെ  സാന്നിദ്ധ്യത്തിൽ  ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ്റെ ജോയിൻറ് സെക്രട്ടറി ഹർസെവ്‌ ബൈൻസ് ആണ്‌ ആഘോഷങ്ങൾ ഉദ്‌ഘാനേം ചെയ്‌തത്‌.

9ന്‌ ബോൺമൗത്തിലെ West Parley Memorial ഹാളിൽ ചേതന പ്രസിഡന്റ് സുജൂ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആന്ധ്രാ ഗവണ്മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ  കമ്മീഷണർ ആയിരുന്ന  മലയാളിയായ IAS ഓഫീസർ  ബാബു അഹമ്മദ് പങ്കെടുക്കും. .കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന,പുരോഗമന പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം, UK യുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വരുന്ന പ്രതിഭാധനരായ അനേകം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തവും സംഗീതവും സമന്വയിക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.

ഏതാനും വർഷങ്ങളായി UK യിൽ ആതുരസേവന രംഗത്ത് വില മതിക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തുന്ന അമ്മ ചാരിറ്റി ഒരുക്കുന്ന ഭക്ഷണ കൗണ്ടർ ഹാളിനകത്തു മുഖ്യ ആകർഷണമാകും. ഫോക്കസ് ഫിനാൻസ് സൊല്യൂഷൻസിന്റെയും,Law & Lawyers സോളിസിറ്റർ സെർവീസസിന്റെയും,ഗ്രേസ് മെലഡീസിന്റെയും,അമ്മ ചാരിറ്റിയുടെയും സഹായത്തോട് കൂടിനടത്തുന്ന സമ്മേളനം വൈകിട്ട്‌ നാലിന്‌ ആരംഭിക്കും.


പ്രധാന വാർത്തകൾ
 Top