25 May Monday

കൗമാരക്കാരുടെ ലഹരി ഉപയോഗവും ആത്‌മഹത്യ പ്രവണതയും തടയാൻ നല്ല ഇടപെടൽ ആവശ്യം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

തിരുവനന്തപുരം> കൗമാരക്കാർക്കിടയിലെ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗവും അവർക്കിടയിലെ  ആത്മഹത്യ പ്രവണതകളും സർക്കാർ അതീവ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.ബിജിമോൾ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  മറ്റു തരത്തിലുള്ള സ്വാധീനങ്ങളില്‍പ്പെട്ട് അക്രമപ്രവര്‍ത്തനങ്ങളില്‍ അറിയാതെ എത്തിപ്പെടുന്നവരും കുറവല്ല. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും ദുരുപയോഗവും അണുകുടുംബങ്ങളിലെ ഒറ്റപ്പെടലുകളും ഇത്തരം പ്രവണതകള്‍ക്ക് കാരണമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

നാം കൈവരിച്ച സാംസ്‌കാരിക മുന്നേറ്റത്തിന്റെയും പുരോഗതിയുടെയും നന്മകളെ തകര്‍ക്കുന്ന സാമൂഹ്യ വിപത്താണ് കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ലഹരി ഉപയോഗം. ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇതിനെ തടയാന്‍ കഴിയൂ. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപക - രക്ഷാകർതൃ സമിതിക്കും ഇതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ കഴിയും. അതോടൊപ്പം, ലഹരി മരുന്നിന്റെ ദൂഷ്യവശങ്ങള്‍ പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ അവബോധം സൃഷ്ടിക്കുവാനും കഴിയണം. ഇത് ലക്ഷ്യമിട്ടാണ് 'വിമുക്തി' എന്ന ബോധവല്‍ക്കരണ മിഷന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. ബോധവല്‍ക്കരണത്തോടൊപ്പം, നിയമങ്ങളുടെ കര്‍ശന നിര്‍വ്വഹണവും വിമുക്തിയുടെ ഭാഗമാണ്.


കാമ്പസുകളിലെ കര്‍ശന നിരീക്ഷണത്തോടൊപ്പം കൗമാരക്കാര്‍ ദു:സ്വാധീനങ്ങളില്‍പ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി ലക്ഷ്യമിടുന്നത്.
ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം (ICPS), ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ORC) 'കാവല്‍', സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പ്രോഗ്രാം, 'കരുതല്‍ സ്പര്‍ശം', ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് എന്നിവ ലഹരി വിമുക്തി ലക്ഷ്യമാക്കിയുള്ള പദ്ധതികളില്‍പ്പെടും. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവ വഴിയാണ് ഇത് പ്രധാനമായും നടത്തിവരുന്നത്.കൗമാരക്കാരെ വഴിതെറ്റിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകള്‍ പോലീസിന്റെ ഹൈടെക് എന്‍ക്വയറി സെല്ലും സൈബര്‍ ഡോമും നിരീക്ഷിക്കുകയും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നു.

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം എന്ന പദ്ധതിയും, സൈബര്‍ ലോകത്തിന്റെ ചതിക്കുഴികളില്‍ വീഴാതിരിക്കാനായി സൈബര്‍ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പോലീസ് ആസൂത്രണം ചെയ്തിട്ടുള്ള 'കാവല്‍' എന്ന പദ്ധതി  സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കിവരുന്നു. ഇതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ വീണ്ടും അത്തരം പ്രവണതയിലേയ്ക്ക് പോകുന്നതിന്റെ എണ്ണം 25 ശതമാനത്തില്‍നിന്നും 4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.കൗമാരക്കാരെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം സമൂഹത്തിന്റെയും പൊതുവില്‍ രക്ഷാകര്‍ത്താക്കളുടെയും കൗമാരക്കാരോടുള്ള കരുതല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത് കണക്കിലെടുത്ത് ഉത്തരവാദിത്വ രക്ഷാകര്‍ത്തിത്വം ഉറപ്പുവരുത്തുന്നതിനായി എല്ലാ പഞ്ചായത്തുകളിലും അംഗനവാടികള്‍ കേന്ദ്രീകരിച്ച് മാതാപിതാക്കളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കുന്നതിനായി 'കരുതല്‍ സ്പര്‍ശം' എന്ന പദ്ധതിയും നടപ്പാക്കിവരുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top