20 August Tuesday

കേളി കുടുംബവേദി സാര്‍വ്വദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

റിയാദ്‌> കേളി കലാസാംസ്കാരികവേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സാര്‍വ്വദേശീയ വനിതാദിനാചരണത്തോടനുബന്ധിച്ച് "പെണ്മയുടെ വര്‍ത്തമാനം കുടുംബം – ആരോഗ്യം - രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണം സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്ത്രീകളുടെ ജീവിതം ഉന്നതിയിലേക്ക്‌ പരിവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സന്ദേശം നൽകിയാണ്‌ കുടുംബവേദി സാര്‍വ്വദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചത്‌.

സുലൈ,  ഖാൻ ആഡിറ്റോറിയത്തിൽ കുടുംബവേദി പ്രസിഡന്റ്‌ പ്രിയ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍  സാഹിത്യകാരിയും, റിയാദ് ഇന്ത്യന്‍ എംബസ്സി സ്കൂള്‍ അധ്യാപികയുമായ ബീന ഫൈസല്‍  സ്ത്രീ-കുടുംബം-രാഷ്ട്രീയം എന്ന വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും എല്ലാ അര്‍ഥത്തിലും സ്ത്രീയുടെ ഇടം ചുരുങ്ങിവരികയാണ്. സ്ത്രീക്ക് തൊഴിലെടുക്കാനും പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി വിദ്യാഭ്യാസം നേടാനും കഴിയാത്തവിധം ആക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. തൊഴിലോ വേണ്ടത്ര വരുമാനമോ ഇല്ലാതെ വലിയൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടുമ്പോള്‍ പ്രധാനമന്ത്രിയുടെ 'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്ന മുദ്രാവാക്യങ്ങള്‍ പ്രഹസനമായി മാറുന്നു.

യുപിഎ യുടെ അധ്യക്ഷയായി സോണിയാഗാന്ധിയും, പ്രതിപക്ഷ നേതാവായി സുഷമാസ്വരാജും, പ്രസിഡണ്ടായി പ്രതിഭ പാടീലും ലിംഗനീതിയിലധിഷ്ഠിതമായ ഭരണഘടന വച്ചുകൊണ്ട് അധികാരത്തിൽ അവരോധിതരായിട്ടും സ്ത്രീകളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനോ തുല്യമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിനോ ഉള്ള നടപടികൾ ഉണ്ടായിട്ടില്ല. നിയമനിർമാണ സഭകളിലും പാർലമെന്റിലും തീരുമാനമെടുക്കുന്ന വേദികളിലുമെല്ലാം സ്ത്രീസാന്നിധ്യം നാമമാത്രമാണ്. വനിതാ സംവരണ ബിൽ പ്രാബല്യത്തില്‍ വരുത്താനുള്ള  രാഷ്ട്രീയ ഇച്ഛാശക്തി മന്‍മോഹന്‍,മോഡി സര്‍ക്കാരുകള്‍ക്കുണ്ടായിട്ടില്ലെന്നും ബീന ടീച്ചര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീ ആരോഗ്യം എന്ന വിഷയത്തില്‍ കിംഗ്‌ സൌദ്‌ മെഡിക്കല്‍ സിറ്റി നഴ്സിംഗ് അസിസ്റ്റന്റ്‌ ഡയരക്ടര്‍ ആരോഗ്യ മേരി അല്‍ഫോണ്‍സ് സംസാരിച്ചു. ആര്‍ത്തവം ആശുദ്ധിയല്ലെന്നും, അഭിമാനിക്കെണ്ടുന്ന ശാരീരികമായ അവസ്ഥയാണെന്നും ആരോഗ്യ അഭിപ്രായപ്പെട്ടു. നിരവധി സ്ത്രീകള്‍ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. കുടുംബവേദി ട്രഷറര്‍ ലീന സുരേഷ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സീബ അനിരുദ്ധന്‍  സ്വാഗതവും ശ്രീഷ സുകേഷ്  നന്ദിയും പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ സതീഷ്‌ കുമാര്‍ രക്ഷാധികാരി സമിതി അംഗം ബി.പി രാജീവന്‍, കേളി സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുർ, സാഹിത്യകാരന്‍ എം.ഫൈസല്‍  കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വിവിധ ഏരിയയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവര്‍  കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top