റിയാദ്> നാലാമത് ഇന്റർ കേളി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അൽ-അർക്കാൻ മലാസ് ഏരിയ ടീം ജേതാക്കളായി. ടൈബ്രെക്കറില്‍ ഡസേര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാം എരിയയെയാണ് പരാജയപ്പെടുത്തിയത്. കേളി കലാ സാംസ്കാരിക വേദിയുടെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി സ്പോർട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർ കേളി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിച്ചു. വാശിയേറിയ സെമിഫൈനൽ മത്സരത്തിൽ റെഡ് സ്പാര്ക്കേഴ്സ് ന്യൂസനയയെ പരാജയപ്പെടുത്തി അൽ-അർക്കാൻ മലാസും, ബ്ളാസ്റ്റേർസ് ബത്തയെ പരാജയപ്പെടുത്തി ഡസേര്‍ട്ട് സ്റ്റാര്‍ ഉമ്മുല്‍ ഹമാമും ഫൈനലിൽ കടന്നത്.
സുലൈ ഷിബ ജസീറ സ്റ്റേഡിയത്തില്‍ നടന്ന ടൂർണ്ണമെന്റില്‍ കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. വൈസ് പ്രസിഡണ്ട് സുധാകരന് കല്യാശ്ശേരി കിക്ക്-ഓഫ് നിർവ്വഹിച്ചുകൊണ്ട് ടുർണ്ണമെന്റിനു തുടക്കമായി. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിക്ക് ഫൈനലില്‍ കളിക്കാരെ പരിചയപ്പെട്ടു. രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സ്പോർട്സ് വിഭാഗം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിജയികള്‍ക്ക് കേളി വൈസ് പ്രസിഡന്റ് സുധാകരന് കല്യാശേരിയും, റണ്ണേഴ്സിന് കേളി കേന്ദ്രകമ്മിറ്റി അംഗവും, കേന്ദ്ര സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനറുമായ ഷറഫദ്ദീനും ട്രോഫികള്‍ സമ്മാനിച്ചു.