റിയാദ് > കേളി കലാ സാംസ്കാരിക വേദിയുടെ 2019 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. അല്‍ മാതേഷ് എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടര്‍ റീ-ബില്‍ഡ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയുടെ വിശദാംശങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ എംബസി, കേരള സംസ്ഥാന മന്ത്രിമാര്‍, വകുപ്പുകള്‍, നോര്‍ക്ക എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ആശുപത്രികള്‍, അംബുലന്‍സ്, പോലീസ്, സിവില്‍ ഡിഫന്‍സ്, വെള്ളം, വൈദ്യുതി എന്നീ പ്രാദേശിക സേവന സഹായ വിശദാംശങ്ങള്‍, സൗദിയിലെ മലയാളം മാധ്യമങ്ങള്‍ തുടങ്ങി പ്രവാസികള്‍ക്ക് ഉപകാരപ്രദമായ നിരവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റിയാദിലും പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലും പ്രവാസി മലയാളികള്‍ക്കിടയില്‍ സൗജന്യമായി കലണ്ടര്‍ വിതരണം ചെയ്യുമെന്ന് കേളി ഭാരവാഹികള്‍ പറഞ്ഞു. ഗദ അല്‍ മുസ്തഷാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ മാതേഷ് എസ്റ്റാബ്ലിഷ്മെന്റ് പ്രതിനിധിയും കേളി ബദിയ ഏരിയ വാദിലബന്‍ യൂണിറ്റ് അംഗവുമായ പ്രസാദ് കലണ്ടര്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ കേളി പ്രസിഡന്റ് ദയാനന്ദന് ഹരിപ്പാട് അധ്യക്ഷനായി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. സിദ്ദിക്ക് കൊബ്ലാന്‍, അറാര്പ്രവാസി സംഘം രക്ഷാധികാരിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനും, ലോക കേരള സഭ അംഗവുമായ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് കേളി കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിക്ക്, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍,വിവിധ ഏരിയകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.