20 September Friday

സാംസ്കാരിക മേഖലയിലെ പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കണം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

റിയാദ് >  മാറി വരുന്ന കാലത്തിനനുസരിച്ച് പൊതുഇടങ്ങൾ തിരിച്ചു പിടിക്കാൻ കേളിയെ പോലുള്ള സാംസ്കാരിക  സംഘടനകള്‍ക്ക്‌ സാധിക്കണമെന്ന്‌ കേളിയുടെ കേന്ദ്ര  സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പറഞ്ഞു. സൈമൺ ബ്രിട്ടോ നഗറിൽ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേളി പ്രവര്‍ത്തകരോടൊപ്പം റിയാദ് മലയാളി സമൂഹത്തിലെ നിരവധി പേരും എത്തിയിരുന്നു.

 പ്രളയാനന്തര കേരളത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ചതായും എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുന്നതായും പി രാജീവ്‌ അഭിപ്രായപ്പെട്ടു. ചരിത്ര വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാതെ  കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്ന സംഘപരിവാർ സംഘടനകള്‍, റദ്ദാക്കിയതിനെ അനുകൂലിക്കാത്തവരെയെല്ലാം ഇന്ത്യാവിരുദ്ധരെന്ന്  മുദ്രകുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും  കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഈ വകുപ്പ് റദ്ദാക്കലിലൂടെ പാകിസ്ഥാന് നേട്ടങ്ങൾ കൊയ്യാൻ അവസരമൊരുക്കികൊടുത്തിരിക്കുകയാണ് മോഡി സർക്കാർ ചെയ്തതെന്നും പി രാജീവ് പറഞ്ഞു.

 കേളി പ്രസിഡന്റ്‌ ദയാനന്ദന്‍ ഹരിപ്പാടിന്റെ   അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍, ഗോപിനാഥന്‍ വേങ്ങര സ്വാഗതവും, കേളി ജോയിന്‍റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ ആമുഖ പ്രഭാഷണവും നടത്തി. വാസുദേവന്‍ രക്തസാക്ഷി പ്രമേയവും സെബിന്‍ ഇഖ്ബാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

 സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള സഹോദര സംഘടനാ പ്രതിനിധികളായ എം എം നയീം (ദമ്മാം നവോദയ), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ),  ഡോ.മുബാറക് സാഹ്നി (ജല ജിസാന്‍), ബാബു (അസീര്‍ പ്രവാസി സംഘം), പ്രദീപ്‌ (മാസ് തബൂക്), ഷാജി വയനാട് (ഖസ്സിം പ്രവാസി സംഘം), സമീര്‍ (ഹയില്‍ നവോദയ), സജ്ജാദ് (ഐഎംസിസി), ചില്ല സര്‍ഗ്ഗവേദി കോര്‍ഡിനേറ്റര്‍ നൌഷാദ് കോര്‍മത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ദന്‍ എന്നിവർ  സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍,  രക്ഷാധികാരി സമിതി അംഗങ്ങളായ സജീവന്‍ ചൊവ്വ, സതീഷ് കുമാര്‍, സുധാകരന്‍ കല്ല്യാശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ  സമ്മേളനത്തിന് നേതൃത്വം നൽകി.

 


പ്രധാന വാർത്തകൾ
 Top