28 February Sunday

'ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ: കാപട്യങ്ങളുടെ മുഖത്തുവീഴുന്ന എച്ചിൽ വെള്ളം'

സാബു ജോസ്Updated: Monday Feb 1, 2021

ലണ്ടൻ> ദ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള' സിനിമയെപ്പറ്റി ലണ്ടനിലെ മലയാളികളുടെ സംവാദവേദിയായ കലുങ്ക് ചർച്ച നടത്തി.പാശ്ചാത്യരെ എല്ലാക്കാര്യത്തിലും പകർത്തുന്ന മലയാളികൾക്ക് അവർ കുടുംബങ്ങൾക്കുള്ളിൽ പകർത്തുന്ന തുല്യത പിന്തുടരാനാകുന്നില്ലെന്നു ചർച്ചയിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാട്ടി.ചർച്ചയിൽ ഡോ. പ്രിയ, ഇമ്ത്യാസ്, രാജി രാജൻ, സാന്ദ്ര സുഗതൻ, ധന്യ, അബിൻ, ജോസ്, പത്മരാജ്, നോബി,സുരേഷ് മണമ്പൂർ, സുഗതൻ, മുരളീ മുകുന്ദൻ, സാം, ജേക്കബ് കോയിപ്പള്ളി, കനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.

കേവലം മൂന്നു പേരടങ്ങുന്ന ഒരു വീട്ടിൽ വീട്ടമ്മയായി വിവാഹം കഴിച്ചെത്തുന്ന യുവതി വൈറ്റ് കോളർ ജോലിയുള്ള ഭർത്താവിനും ന്യായാധിപനായി വിരമിച്ച അമ്മായി അച്ഛനും പ്രിയപ്പെട്ടവളായി ജീവിതം തുടരുന്നതിൽ പരാജയപ്പെടുന്നു..സൂക്ഷിച്ചു വിശകലനം ചെയ്താൽ, കേവലം അടുക്കള മാത്രമല്ല; നൂറ്റാണ്ടുകളായി കുടുംബങ്ങൾ പിന്തുടർന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം കൂടി പരിഗണിച്ചാൽ മാത്രമേ ഈ സിനിമ ഒരു സമൂഹത്തിന്റെ ചിന്താശേഷിയിൽ ഏൽപിച്ച ആഘാതത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയൂ.പശ്ചാത്യർ, ശാസ്ത്രീയമായി നേടിയ പുരോഗതിയിലൂടെ കുടുംബാംഗങ്ങളുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വെളിച്ചമേകുകയും ഭാര്യയും ഭർത്താവും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത നുകരുകയും ചെയ്തു.അതേസമയം, ഇവരുടെ ജീവിത നിലവാരവും ശാസ്ത്രീയ ഭൗതിക നേട്ടങ്ങളും അപ്പാടെ കോപ്പി അടിച്ച നമ്മൾ പരമ്പരാഗതമായി തുടർന്നു വന്ന സാമ്പ്രദായികത മുറുകെ പിടിച്ചു അടുക്കള, സ്ത്രീ ജന്മങ്ങളുടെ ബാധ്യത മാത്രമാക്കി ദയാദാക്ഷിണ്യമില്ലാതെ അവരുടെ തലയിൽ കെട്ടിവച്ചു.

മതങ്ങളും ആചാരാനുഷ്ഠനങ്ങളും നൽകിയ പഴഞ്ചനും പിന്തിരിപ്പനുമായ വിധികളെ അവർ ഇതിനായി കൂട്ടുപിടിച്ചു.അനുകമ്പ, സ്നേഹം, ദയ തുടങ്ങിയ പദപ്രയോഗങ്ങൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുയർന്നു വന്നതാണ്. നീതിയും സമത്വവും ലിംഗ വ്യത്യാസമില്ലാതെ അനുഭവവേദ്യമാകുന്ന നിലയിലേക്ക് സമൂഹത്തിൽ അതു പ്രവർത്തനക്ഷമമാകേണ്ടതുണ്ട് എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ.

കുടുംബ കലഹങ്ങളും ബന്ധങ്ങളിലെ അസ്വസ്ഥതകളും വലിയ ഒച്ചപ്പാടിനും ലഹളയ്ക്കും കാരണമാകുന്ന സ്ഥിരം കാഴ്ചകളിൽ നിന്നു ഭിന്നമായി കോലാഹലമില്ലാതെ, മാന്യമെന്ന വ്യാജേന സൃഷ്‌ടിക്കപ്പെടുന്ന അസ്വസ്ഥതകൾ അടക്കി വയ്ക്കപ്പെടുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ഈ സിനിമയുടെ സുഖമുള്ള ട്രീറ്റ്മെന്റിൽ ഒന്നാണ്.

ഒരേ സമയം ലോകോത്തര ജീവിത നിലവാരം പിന്തുടരുകയും അതേ സമയം ഒരേ കൂരയ്ക്കുള്ളിൽ ശാന്തിയില്ലാതെ അവിശ്രമം ഓടിത്തളരുന്ന പാഴ് ജന്മങ്ങളായി, അടുക്കളയുടെ നാലു ചുവരുകളിൽ അകപ്പെട്ടു പോയവരെ കാണാതെ പോകുകയും ചെയ്യുന്ന കാപട്യങ്ങളുടെ നേർക്ക് ഒഴിക്കപ്പെടുന്ന  എച്ചിൽ വെള്ളമാണ് ഈ സിനിമ-ചർച്ചയിൽ അഭിപ്രായം ഉയർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top