21 November Thursday

'കലയും കാലവും': കേരളപ്പിറവി ദിനത്തില്‍ കേളി ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


റിയാദ്> കേളിയുടെ  റൗദ ഏരിയ സാംസ്‌കാരിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നാട്ടുവര്‍ത്തമാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ  കലാരൂപങ്ങളെ അടിസ്ഥാനമാക്കി  'കലയും കാലവും' എന്ന പേരില്‍ റൗദയിലെ ബഗ്ലഫ് ഹാളിലാണ് ഏകദിന ക്യാമ്പ് അരങ്ങേറിയത്.

കേരളത്തിലെ  പുരോഗമന  മുന്നേറ്റങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കിയ നാടകങ്ങള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, കഥാപ്രസംഗങ്ങള്‍, കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്ന മറ്റു തനത് കലാരൂപങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങള്‍, നമ്മുടെ ഓര്‍മ്മകളിലെ കലാ അനുഭവങ്ങളും, കലാകാരന്‍മാര്‍ നേരിട്ടതും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതുമായ അനുഭവങ്ങള്‍ എന്നിവ പങ്കുവെക്കുന്നതും പരിചയപ്പെടുത്തുന്നതുമായിരുന്നു ക്യാമ്പ്.

ഏരിയാ സാംസ്‌കാരിക വിഭാഗം ജോ കണ്‍വീനര്‍  സജാദ്  സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ പരിപാടിയില്‍ ഏരിയാ സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍  സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്‌കാരിക കമ്മറ്റി  കണ്‍വീനര്‍ സതീഷ്‌കുമാര്‍ ക്യാമ്പ് കോഓര്‍ഡിനേറ്ററായി. നാടകവും നാടകഗാനങ്ങളും എന്ന വിഷയത്തില്‍  ജയചന്ദ്രന്‍ നെരുവംബ്രവും,  നാടന്‍ പാട്ടുകളെ  കുറിച്ച്  കേളി കുടുംബവേദി സെക്രട്ടറി  സീബ കൂവോടും , കഥാപ്രസംഗത്തെ കുറിച്ച് സുരേഷ് ലാലും ക്യാമ്പില്‍ സംസാരിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, കേന്ദ്രകമ്മിറ്റിയിലേയും, കുടുബവേദിയിലേയും വിവിധ എരിയകളിലേയും അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ ഇടപെട്ടും  ആശംസ അര്‍പ്പിച്ചും സംസാരിച്ചു. റൗദ രക്ഷാധികാരി കമ്മിറ്റി അംഗം   സലാവുദിന്‍ നന്ദി രേഖപ്പെടുത്തി.

 


 


പ്രധാന വാർത്തകൾ
 Top