10 July Friday

ലോക നേഴ്സസ് ദിനത്തിൽ ആശംസകളുമായി കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020

കുവൈറ്റ് സിറ്റി> ലോക നേഴ്സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുള്ള നേഴ്സുമാർക്ക് ആശംസകളുമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. ലോകം മുഴുവൻ കോവിഡ്-19 ന്റെ ഭീഷണിയിൽ നിൽക്കുന്ന അവസരത്തിലാണ് ഇന്ന് മെയ് 12 നു ഈ വർഷത്തെ ലോക നേഴ്സസ് ദിനം കടന്നു വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ ഈ മഹാമാരിക്കെതിരായുള്ള യുദ്ധമുഖത്ത് ഏറ്റവും മുൻ നിരയിൽ നിൽക്കുന്നത് നേഴ്സുമാരാണ്.

മറ്റേതൊരു ആരോഗ്യപ്രവർത്തകരെക്കാളും രോഗിയുമായി ഏറ്റവും അധികം സമ്പർക്കത്തിൽ വരുന്നത് കൊണ്ട് തന്നെ ഈ മഹാമാരിയുടെ ഭീഷണി ഏറ്റവും അധികം ബാധിക്കുന്നതും നഴ്സിംഗ് സമൂഹത്തെയാണ്. ഭാരിച്ച പിപിഇ കിറ്റുകൾ കടുത്ത ആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും, ഈ മഹാമാരിയെ ചെറുക്കാൻ ലോകത്തതിന്റെ എല്ലാ കോണുകളിലും ഊണും ഉറക്കവും ഇല്ലാതെ  ജോലിചെയ്യുകയാണ് ഇവർ. രോഗസംക്രമണം തടയുന്നതിന്റെ ഭാഗമായി കുടുംബവുമായി അകന്ന് കഴിയേണ്ട സാഹചര്യത്തിൽ പലരും സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ പോലും അകറ്റി നിർത്തിയാണ് ഈ പോർമുഖത്തുള്ളത്‌.

സ്വയസംരക്ഷക ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മുതൽ അർഹിക്കുന്ന വേതനം വരെ നീളുന്നു ഈ മേഖല നേരിടുന്ന പ്രതിസന്ധികൾ. ഈ പ്രതിസന്ധികൾക്കിടയിലും ഈ പ്രതിരോധ നിരയുടെ മുൻനിരയിൽ നിന്ന് പോരാടുകയാണവർ. നേഴ്സിംഗ് സമൂഹത്തിൽ നിന്നും നിരവധി പേരുടെ ജീവനാണ്  ഈ പോരാട്ടത്തിനിടയിൽ പൊലിഞ്ഞു പോയത്. അതിജീവനത്തിന്റെ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം ഈ മഹാമാരിയിൽ നിന്നും ലോകത്തെ വീണ്ടെടുക്കുന്നതിനായി ത്യാഗോജ്ജ്വലമായ സേവനം അർപ്പിക്കുന്ന നേഴ്സുമാരെ അഭിവാദ്യം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ്‌ എന്നിവർ ആശംസ സന്ദേശത്തിലൂടെ അറിയിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top