08 August Saturday

കൈരളി, ഓർമ്മ ചർട്ടേഡ്‌ വിമാനങ്ങൾ ഇന്നെത്തും; പ്രവാസികൾക്ക്‌ നാട്ടിലേക്ക്‌ ആദ്യ സൗജന്യ യാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020

കോവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെയും ഓർമ്മയുടെയും ആദ്യത്തെ ചാര്‍ട്ടേഡ് വിമാനങ്ങൾ ഇന്നെത്തും. വൈകിട്ട് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ്‌ കൈരളിയുടെ വിമാനം പുറപ്പെടുന്നത്‌. 215 പ്രവാസി മലയാളികളെയാണ് ഈ വിമാനത്തില്‍ പൂര്‍ണ്ണമായും സൗജന്യമായി കൈരളി ടിവി നാട്ടിലേക്ക് എത്തിക്കുന്നത്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത്‌ പദ്ധതിയുടെ ഭാഗമായാണ് ചാര്‍ട്ടേഡ് വിമാനം പുറപ്പെടുന്നത്. ഇന്ന് വൈകിട്ട് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തില്‍ 215 യാത്രക്കാരാണ് ഉണ്ടാവുക. നാട്ടിലേക്ക് മടങ്ങാന്‍ പോലും വഴിയില്ലാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന അര്‍ഹരായ ആളുകളെയാണ് ഈ വിമാനത്തില്‍ കൊണ്ട് പോകുന്നത്.

ഗൾഫ്‌ മേഖലയിൽ നിന്നുള്ള "ഓർമ്മ'യുടെ സൗജന്യ ചാർട്ടേഡ്‌ വിമാനവും ഇന്ന്‌ പുറപ്പെടും. രാജ്യസഭാംഗം കെ കെ രാഗേഷ് എം പി യുടെ കൃത്യമായ ഇടപടൽ ഈ പരിശ്രമത്തിന് കരുത്തായിട്ടുണ്ടെന്ന് ഓർമ്മ പ്രവർത്തകർ അനുസ്‌മ‌രിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്കു മടങ്ങാനായി രെജിസ്റ്റർ ചെയ്‌ത മലയാളി പ്രവാസികളിൽ അർഹരായ 100 പേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകാനാണ് 'ഓർമ്മ' ആദ്യം തീരുമാനിച്ചിരുന്നത്.

ഈ അറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് സംഘടനയ്ക്ക് ലഭിച്ചത്. എന്നാൽ അർഹരായ പലരും വന്ദേ ഭാരത് ലിസ്റ്റിൽ ഉൾപ്പെടാതെ വന്ന സാഹചര്യത്തിൽ യു എ ഇ യിലെ മുൻനിര സാമൂഹ്യ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനുമായ എം പി മുരളി യാണ് ചാർട്ടേഡ് വിമാനമെന്ന സാധ്യത പ്രയോജനപ്പെടുത്താൻ 'ഓർമ്മ' യ്ക്ക് ആശയവും പ്രചോദനവും നൽകിയത്. സർവീസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യൻ എംബസിയുടെ പട്ടികയിൽ രെജിസ്റ്റർ ചെയ്‌ത് ടിക്കറ്റിന് പണമില്ലാതെയും അവസരം കിട്ടാതെയും കാത്തിരുന്ന ഏറ്റവും അർഹരായ 180 പേരെ ആദ്യഘട്ടമെന്ന നിലയിൽ തെരെഞ്ഞെടുക്കുകയായിരുന്നു.

അതേസമയം,  ജൂൺ 10 ന് ഓർമ്മയുടെ ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചതുമുതൽ കരുതിക്കൂട്ടിയുള്ള പലതരം നുണപ്രചാരണങ്ങളും ആക്രമണങ്ങളുമാണ് ചില തത്പര കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായത്. വിവിധ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഈ സർവീസ് മുടക്കാനുള്ള ശ്രമങ്ങൾ വരെ നടത്തിയിരുന്നു. എന്നാൽ, 'ഓർമ്മ' നിശബ്ദമായി തങ്ങളുടെ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയായിരുന്നുവെന്നും പ്രവാസി വിഷയങ്ങളിൽ തുടർച്ചയായി മാതൃകാപരമായി ഇടപെട്ടുകൊണ്ടാണ് 'ഓർമ്മ' വിമർശകർക്ക് മറുപടി നൽകുക എന്നും സംഘാടകർ/ പ്രവർത്തകർ വ്യക്തമാക്കി.

ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി നേടിയ  പല സംഘടനകളും 1250 മുതൽ 1400 ദിർഹം വരെയുള്ള കൂടിയ നിരക്കിൽ ടിക്കറ്റുകൾ നൽകി, പ്രവാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് 'ഓർമ്മ' കൂട്ടായ്‌മ പ്രവാസികളുടെ സാഹചര്യം തിരിച്ചറിഞ്ഞ്  തികച്ചും മാതൃകാപരമായി സൗജന്യ യാത്ര ഏർപ്പെടുത്തുന്നതെന്ന്  കൂട്ടായ്മയുടെ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ എൻ കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് പദ്ധതിയിൽ 750 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക്. ചാർട്ടേഡ് വിമാനങ്ങളിലും ഈ നിരക്ക് പിന്തുടരണമെന്ന് സംസ്ഥാന സർക്കാരിൻറെ നിർദേശവുമുണ്ട്. എന്നിട്ടും  ഈ തുക പോലും നൽകാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികളോടാണ് ഇത്തരം സംഘടനകളുടെ ചൂഷണമെന്നും അദ്ദേഹം വിമർശിച്ചു. ഒപ്പം, 'ഓർമ്മ'യുടെ രണ്ടാം ഘട്ട വിമാനം ഉടൻ ഉണ്ടാകുമെന്നും രണ്ടാം ഘട്ടത്തിൽ സംസ്ഥാന സർക്കാർ നിര്ദേശപ്രകാരമുള്ള കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുകയെന്നും 'ഓർമ്മ' വ്യക്തമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top