26 August Monday

കേരളത്തെ സംഘർഷ ഭൂമിയാക്കാൻ ആസൂത്രിത ശ്രമം: കെ ജെ തോമസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 5, 2019

മാസ്സ് തബൂക്കിന്റെ കുടുബവേദി രൂപീകരണ യോഗം കെ ജെ തോമസ് ഉദ്ഘടനം ചെയ്യുന്നു

ജിദ്ദ> മതേതരത്വവും സാഹോദര്യവും ഊട്ടിയുറപ്പിച്ചു ഇതര സംസ്ഥാനങ്ങൾക്ക് മാത്യകയായ കേരളമണ്ണിനെ വർഗീയതയുടെ വിഷവിത്തുകൾ പാകി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സംഘപരിവാർ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ  കെ ജെ തോമസ് അഭിപ്രായപ്പെട്ടു. മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ്സ് തബൂക്ക്) ന്റെ നേത്വത്വത്തിൽ രൂപീകരിച്ച  കുടുബവേദി ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത സംഘപരിവാരവും വലതുപക്ഷവും പിന്നീട് രാഷ്ട്രീയമുതലെടുപ്പിനായി മലക്കം മറിഞ്ഞു, തെരുവിൽ കലാപം അഴിച്ചു വിട്ടു. വിശ്വാസ സംരക്ഷകർ എന്ന് സ്വയം അവകാശപ്പെടുന്നവർ തന്നെ വിശ്വാസികളെ ആക്രമിക്കുന്നത് നമ്മൾ കണ്ടതാണെന്നും കെ ജെ തോമസ് പറഞ്ഞു.

സിപിഐ എമ്മോ ഗവർമെന്റോ  ഇടപെട്ട് ആരെയും  അങ്ങോട്ട് കൊണ്ട് പോയിട്ടില്ല. കൊണ്ട് പോകാനൊട്ടു ഉദ്ദേശ്യവുമില്ല. പോകുന്നവർക്ക് സംരക്ഷണം കൊടുക്കണമെന്ന സുപ്രീം കോടതി വിധി  പാലിക്കാൻ ഭരണഘടനാപരമായി സർക്കാർ ബാധ്യസ്ഥരാണ്. അതിനാവശ്യമായ നടപടിയാണ്  ഗവർമെന്റ് ചെയ്തിട്ടുള്ളത്. നൂറ്റാണ്ടിലെ മഹാപ്രളയത്താൽ തകർന്നടിഞ്ഞ കേരളത്തെ പുനർനിർമിക്കാൻ യൂഎഇ അടക്കമുള്ള രാജ്യങ്ങളുടെ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കാത്തവർ  ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ വിദേശ സഹായം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 3000  കോടി രൂപയ്ക്ക് പ്രതിമ നിർമിച്ചവർ  മഹാപ്രളയത്തിൽ മുപ്പത്തിയൊരായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നു യൂഎൻ സമിതി കണ്ടെത്തിയ കേരളത്തെ സഹായിക്കാൻ അതിന്റെ നാലിലൊന്നു പോലും നൽകിയില്ല. പിണറായി വിജയന്റെ നേത്യത്വത്തിലുള്ള എൽഡിഎഫ് ഗവൺമെന്റിനു കേരളത്തെ പുനർനിർമിക്കാൻ കഴിയില്ല എന്ന് വരുത്തിത്തീർക്കുകയാണ് ലക്ഷ്യം.

ആരൊക്കെ എതിർത്താലും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നമ്മൾ കേരളത്തെ പുനർനിർമിക്കുക തന്നെ ചെയ്യും. പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മനുഷ്യസ്നേഹികൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു. ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു. പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ഒരു നവകേരളം പടുത്തുയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവകാരുണ്യ മേഖലയിൽ മാസ്സ് നടത്തുന്ന പ്രവർത്തനങ്ങൾ മാത്യകാപരമാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ മാസ്സ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ഇനിയും നിരവധി മനുഷ്യ ജീവനുകൾക്ക് തണലേകാനും കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ കുട്ടികളും കുടുബിനികളും ഉൾപ്പെടെയുള്ളവരെ കൂട്ടിയോജിപ്പിച്ചു കൂടുതൽ കരുത്തോടെ മുന്നോട്ട് പോവാനും  മാസ്സ് തബുക്കിനു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ  മാത്യു തോമസ് നെല്ലുവേലിൽ അധ്യഷ്യനായിരുന്നു. മാസ്സ് മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ കെ ജെ  തോമസിനെ പൊന്നാടയണിയിച്ചു. ഉബൈസ് മുസ്തഫ, റിറ്റി മാത്യു നെല്ലുവേലിൽ, ഷെറിൻ നജീവ്, ജാസ്മിൻ ജിജോ, രമ്യ സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ നിലമേൽ സ്വാഗതവും നെജിവ് ഹഖീം നന്ദിയും രേഖപ്പെടുത്തി. തുടർന്ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി "മാസ്റ്റർ മൈൻഡ് " മെഗാ ക്വിസ് ഷോ സംഘടിപ്പിച്ചു. ഡോ അല്ലി രമേശ് ക്വസ് മാസ്റ്റർ ആയിരുന്നു. വിജയികളായ വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പരിപാടികൾക്ക് റഹിം ഭരതന്നൂർ, അബ്ദുൽ ഹഖ്, മുസ്തഫ തെക്കൻ, ജോൺസൺ പോൾ, സുരേഷ് ഭാസ്കർ , അരുൺ കെ ബാബു, ഷാബു ഹബീബ്, ജോസ് സ്കറിയ, ആന്റണി പി.വി. , നജീബ് ആലപ്പുഴ , അഖിൽ ഗണേശ് , രമേശ് കുമാർ , സജിത്ത്, പ്രവീൺ പുതിയാണ്ടി, ബിജു മാത്യു, ചന്ദ്രശേഖര കുറുപ്പ് , സുരേഷ് കുമാർ, ജിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശനിയാഴ്ച്ച രാവിലെ തബുക്ക് ഇന്റർനാഷനൽ എയർപോർട്ടിലെത്തിയ അദ്ദേഹത്തെ മാസ്സ് മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ, സെക്രട്ടറി ഫൈസൽ നിലമേൽ, പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലിൽ, മറ്റ് മാസ്സ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.


പ്രധാന വാർത്തകൾ
 Top