27 May Wednesday

ജിദ്ദയിലും ലോക്ക് ഡൗണ്‍; നഗരത്തിലേക്ക് പ്രവേശനം നിരോധിച്ചു

അനസ് യാസിന്‍Updated: Sunday Mar 29, 2020

മനാമ > കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജിദ്ദ നഗരത്തിലും ലോക്ക് ഡൗണ്‍ നടപ്പാക്കി.  ജിദ്ദയില്‍ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കി. കര്‍ഫ്യൂ സമയവും ദീര്‍ഘിപ്പിച്ചു.

ഉച്ചക്ക് മൂന്നു മുതല്‍ രാവിലെ ആറുവരെയായിരിക്കും കര്‍ഫ്യൂ. നേരത്തെ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ചിരുന്നു. ഈ നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. നിലവില്‍ വൈകിട്ട് 7 മുതല്‍ രാവിലെ ആറു വരെയായിരുന്നു കര്‍ഫ്യൂ. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് നഗരത്തില്‍ കര്‍ഫ്യൂ ആരംഭിച്ചു.

ശനിയാഴ്ച മദീന പ്രവിശ്യയിലെ ആറു ജില്ലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 22 മുതല്‍ സൗദിയിലെ 13 പ്രവിശ്യകളിലും പ്രവിശ്യകള്‍ക്കിടക്കുള്ള യാത്ര നിരോധിച്ചു. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റു പ്രവിശ്യകളിലുള്ളവര്‍ ഈ പ്രവിശ്യകളിലേക്ക് വരുന്നതും പൂര്‍ണമായി വിലക്കിയിട്ടുണ്ട്.

സൗദിയില്‍ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ വിലക്കും അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച് 14 മുതാല്‍ രണ്ടാഴ്ചത്തേക്കായിരുന്നു വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. ട്രെയിന്‍, ബസ്, ടാക്‌സി എന്നിവയുടെ വിലക്കും ദീര്‍ഘിപ്പിച്ചു. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ നിയന്ത്രണവും തുടരും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,203 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ നാലു പേര്‍ മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top