07 February Tuesday

ഒരുക്കം പൂര്‍ണം; ഇന്ത്യന്‍ സ്‌കൂള്‍ മെഗാ മേളയും ഭക്ഷ്യമേളയും ബുധനാഴ്ച മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

 

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ മെഗാ മേളയും ഭക്ഷ്യമേളയും ബുധനാഴ്ച ഇസ ടൗണിലെ സ്‌കൂള്‍ കാമ്പസില്‍ ആരംഭിക്കും. മൂന്നു ദിവസം നീളുന്ന  മെഗാ ഫെയറിന്റെ വിജയത്തിനായി വിപുലമായ പരിപാടികള്‍ സ്‌കൂള്‍  ഒരുക്കിയതായി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
 
പരിപാടിയുടെ ആദ്യ ദിനമായ ബുധനാഴ്ച വൈകീട്ട് ആറു മുതല്‍ സ്‌കൂള്‍ യുവജനോത്സവമായ 'തരംഗി'ന്റെ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറും. ദക്ഷിണേന്ത്യന്‍ പിന്നണി ഗായകരായ സിദ്ധാര്‍ത്ഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീത പരിപാടികള്‍ വ്യാഴം വൈകിട്ട് ആറിന് തുടങ്ങും.   ഗായകരായ സച്ചിന്‍ വാര്യര്‍, വിഷ്ണു ശിവ, അവനി, അബ്ദുള്‍ സമദ് എന്നിവരാണ് ഗായക സംഘത്തിലെ മറ്റു അംഗങ്ങള്‍. വെള്ളി വൈകിട്ട് ആറിന് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും.
 
പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിവിധ സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാന ജേതാവിനു  മിത്സുബിഷി എഎസ്എക്‌സ് കാറും രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് എംജി 5 കാറും ഇന്ത്യന്‍ സ്‌കൂള്‍  മെഗാ ഫെയര്‍ അവതാരകരായ സയാനി മോട്ടോഴ്‌സ് സമ്മാനിക്കും. 
 
മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു. 501 അംഗ സംഘാടക സമിതിയില്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലുള്ള നേതാക്കളും ഉള്‍പ്പെടുന്നു. 
 
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12,000 വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിയാണ് സ്‌കൂള്‍ മേള പ്രധാനമായും സംഘടിപ്പിക്കുന്നത്. ഒരു കമ്മ്യൂണിറ്റി സ്‌കൂള്‍ എന്ന നിലയില്‍, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ സഹായിക്കേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്വമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.  ഓരോ വര്‍ഷവും മേളയില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വഴി അര്‍ഹരായ ആയിരത്തോളം  വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം, 2019 മുതല്‍ സ്‌കൂളിന് മേള നടത്താന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, മേളയിലെ സ്റ്റാള്‍ ബുക്കിംഗിന് മികച്ച പ്രതികരണമാണ് സ്‌കൂളിന് ലഭിക്കുന്നത്. സ്‌കൂള്‍ മേളയോടൊപ്പം ഭക്ഷ്യമേളയും ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. 
 
യുവജനോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നവംബര്‍ 23ന് ഗ്രാന്‍ഡ് ഫിനാലെയില്‍ വിതരണം ചെയ്യും.മേളയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനം ഉണ്ട്. ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ദേശീയ സ്‌റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും. മേള ദിവസങ്ങളില്‍ സ്‌കൂള്‍ കാമ്പസില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. 
 
സ്‌കൂള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വിനോദ പരിപാടികളും  അനുബന്ധ സ്റ്റാളുകളും അത്‌ലറ്റിക് ഗ്രൗണ്ടില്‍ ഭക്ഷണ സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. വിവിധ വിനോദ പരിപാടികളും കുട്ടികള്‍ക്കായി ഗെയിം സ്റ്റാളുകളും ജഷന്‍മല്‍ ഓഡിറ്റോറിയത്തിലുണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാചക വൈവിധ്യം അനുഭവിക്കാന്‍ മെഗാ ഫെയര്‍ ഫുഡ് സ്റ്റാളുകള്‍ അവസരമൊരുക്കും. കുടുംബങ്ങള്‍ക്ക് വിനോദ പരിപാടികള്‍ ആസ്വദിക്കാനുള്ള കാര്‍ണിവലായിരിക്കും ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍. മേളയും പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ കവചത്തിലും ആയിരിക്കും. മേള നടത്തുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്ന് സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.
 
ഇന്ത്യന്‍ സ്‌കൂളിനെതിരെ  നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം കിംവദന്തികളില്‍ അകപ്പെടരുതെന്ന് സ്‌കൂള്‍ രക്ഷാകര്‍തൃ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. 
 
പത്രസമ്മേളനത്തില്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങളായ പ്രേമലത എന്‍ എസ്, ബിനു മണ്ണില്‍ വര്‍ഗീസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, വി അജയകൃഷ്ണന്‍, പ്രിന്‍സിപ്പല്‍  വി ആര്‍ പളനിസ്വാമി,റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസി, ഫെയര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി കെ  ഷാനവാസ്, രക്ഷാധികാരി മുഹമ്മദ് മാലിം, പി എം ജനറല്‍ കോഓര്‍ഡിനേറ്റര്‍ വിപിന്‍ എന്നിവര്‍ പങ്കെടുത്തു. 
 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top