31 October Saturday

ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫാം 'ഗ്രീന്‍ഫാക്ടറി' അബുദാബിയില്‍

കെ എല്‍ ഗോപിUpdated: Friday Sep 25, 2020

അബുദാബി> നെതര്‍ലാന്‍ഡ്സിലെ  ഗ്രോഗ്രൂപ്പ് ഐഎഫ്എസും  അബുദാബിയിലെ റെയിന്‍ മേക്കേഴ്സ് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എല്‍എല്‍സി യും സംയുക്തമായി അബുദാബി മരുഭൂമിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫാം നിര്‍മ്മിക്കും. 17.5 ഹെക്ടര്‍ സ്ഥലത്ത് 160,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഗ്രീന്‍ഫാക്ടറി എമിറേറ്റ്‌സ് പ്രതിവര്‍ഷം 10,000 ടണ്‍ ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

യുഎഇ പോലുള്ള പ്രദേശങ്ങളിലെ കടുത്ത കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട്,  നൂതനമായ മാര്‍ഗങ്ങളിലൂടെ ഇന്‍ഡോര്‍ കൃഷിയില്‍ വിപ്ലവകരമായ  മുന്നേറ്റം ഉറപ്പാക്കാന്‍  ഗ്രീന്‍ഫാക്ടറി എമിറേറ്റ്‌സിനു കഴിയുമെന്ന് ഇരു കമ്പനികളും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു.നിരവധി പ്രമുഖ കാര്‍ഷിക-സാങ്കേതിക കമ്പനികളാണ് ഇതിന്റെ ഭാഗമാകുന്നത്.  ഇതിനായി  മികച്ച ഇനം വിത്തുകള്‍ ഡച്ച് കമ്പനികളിലൂടെ ലഭ്യമാക്കും.

 100% കീടനാശിനി വിമുക്ത പച്ചക്കറികള്‍ വര്‍ഷം മുഴുവനും കൃഷിചെയ്യാന്‍ ഇപ്പോള്‍ ലോകത്തിലെവിടെയും സാധ്യമാണ്: 'ഹോളണ്ടിന്റെ ഗുണനിലവാരം - പ്രാദേശിക ഉത്പാദനത്തിലും' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിത്തിറക്കല്‍, വിളവെടുപ്പ്, സംസ്‌കരണം എന്നിവയോടൊപ്പം കഴിക്കാന്‍ പാകത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വരെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ തയ്യാറാക്കാന്‍ ഇങ്ങനെ കഴിയും. സാധാരണ കൃഷിക്ക് വെല്ലുവിളിയായ കാലാവസ്ഥയുള്ള ലോകത്തിലെ മറ്റ് പ്രദേശങ്ങളിലും ഇന്‍ഡോര്‍ ഫാമുകള്‍ നിര്‍മ്മിക്കാനും ഈ കര്‍ഷക  സംരംഭം പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍ സുസ്ഥിര ഭക്ഷ്യ സമ്പ്രദായങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനും, പുതുമകള്‍ സൃഷ്ടിക്കുന്നതിനും  അതിലൂടെ അസ്ഥിര കാര്‍ഷിക വ്യവസ്ഥകളെ തകര്‍ക്കുന്നതിനും ഇത്തരം പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് യു എ ഇ ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ഹരേബ് അല്‍ഹൈരി പറഞ്ഞു. കാര്‍ഷിക സാങ്കേതികവിദ്യയായ 'ആഗ്‌ടെക്' ഉപയോഗിച്ച് യുഎഇ ആഭ്യന്തര ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനായി സമഗ്രമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

2018 നവംബറില്‍ ആരംഭിച്ച സര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി 30 ശതമാനം വിളവ് മെച്ചപ്പെടുത്തുകയും, 2051 ഓടെ ഭക്ഷ്യസുരക്ഷയില്‍ ലോകത്തെ മുന്‍നിര കേന്ദ്രമായി മാറുക എന്നതുമാണ്. ഗ്രീന്‍ഫാക്ടറി എമിറേറ്റ്‌സ് പോലുള്ള ഇന്‍ഡോര്‍ ഫാമുകള്‍ ഈ ലക്ഷ്യങ്ങളില്‍ എത്താന്‍ ഞങ്ങളെ സഹായിക്കുമെന്നും ഭക്ഷ്യ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

95 % ജല ഉപയോഗവും, 40% കാര്‍ബണ്‍ ഫുട്പ്രിന്റും കുറയ്ക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും, ഭാവിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യരാജ്യങ്ങളെ ആശ്രയിക്കുന്ന നില ഒഴിവാക്കാനാകുന്നതോടൊപ്പം ഓരോ രാജ്യങ്ങള്‍ക്കും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനും ഇത്തരം സംരംഭങ്ങള്‍ വഴിയൊരുക്കും.  പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ട യുഎഇയിലെ നെതര്‍ലാണ്ട്‌സ് അംബാസഡര്‍ ലോഡി എംബ്രെച്റ്റ്‌സ് പറഞ്ഞത്. 'ഭക്ഷ്യ മൂല്യ ശൃംഖലയുടെ എല്ലാ വശങ്ങളിലും നെതര്‍ലന്‍ഡിന് ധാരാളം അറിവുകള്‍ നല്‍കാനുണ്ട്.

ഡച്ച് അറിവ്, വൈദഗ്ദ്ധ്യം എന്നിവയുടെയും ഡച്ച് ട്രിപ്പിള്‍ ഹെലിക്‌സ് സമീപനത്തിന്റെയും (അക്കാദമിയയും വ്യവസായവും സര്‍ക്കാരും തമ്മിലുള്ള സഹകരണം) പ്രതീകമാണ് ഈ പദ്ധതി. പ്രാദേശിക കാര്‍ഷിക പരിസ്ഥിതി വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിന് യുഎഇയുമായുള്ള ഈ സഹകരണം വഴിയൊരുക്കുമെന്നും  അവര്‍ പറഞ്ഞു.

പദ്ധതി തുകയായ 65 കോടി യു എ ഇ ദിര്‍ഹം 3 വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് എക്‌സ്‌പോ 2020 ദുബായ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടം 2021 ഒക്ടോബറില്‍ എക്‌സ്‌പോ 2020 ദുബായ്ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിക്കും, അതിനാല്‍ ഗ്രീന്‍ഫാക്ടറി എമിറേറ്റ്‌സിന് അതിന്റെ പുതുമകള്‍ ലോകത്തെ കാണിക്കാന്‍ കഴിയും. ലോകമെമ്പാടും സമാനമായ കൂടുതല്‍ പ്രോജക്റ്റുകള്‍ക്കും പുതുമകള്‍ക്കും വേണ്ടിയുള്ള ഒരു തുടക്കമാണിത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top