05 April Sunday

യുഎഇ സിവില്‍ കോടതി വിധികള്‍ ഇനി ഇന്ത്യയിലും ബാധകം

അനസ് യാസിന്‍Updated: Tuesday Jan 21, 2020

മനാമ > യുഎഇ കോടതിവിധികള്‍ ഇനി ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പാക്കാം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ നിയമ നീതിന്യായ മന്ത്രാലയം ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപപനം പ്രസിദ്ധീകരിച്ചു.

യുഎഇ ഇന്ത്യയുടെ പരസ്പര വിനിമയ പ്രദേശമാണെന്ന് ഗസറ്റില്‍ വ്യക്തമാക്കി. അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖ്വൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, അപ്പീല്‍ കോടതികള്‍, അബുദാബി സിവില്‍ കോടതി, ദുബായ് കോടതികള്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, റാസല്‍ ഖൈമ കോടതി, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ കോടതികള്‍ എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്.

വിധി നടപ്പാക്കാന്‍ ഇന്ത്യന്‍ കോടതികളെ സമീപിച്ചാല്‍ മതി. യുഎഇയിലെ കോടതികളുടെ ഇത്തരം വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. സിവില്‍ കേസുകളില്‍ മാത്രമാണ് ഈ വിധികള്‍ ബാധകം.

പണമിടപാട് കേസുകളില്‍ ഉള്‍പ്പെടെ സിവില്‍ വ്യവഹാരങ്ങളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ ഇന്ത്യയില്‍ എത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടി തുടരാനാകും. ബാങ്ക് വായ്പ തിരിച്ചടക്കാതെയും വ്യവഹാരങ്ങള്‍ നടത്തി നാട്ടിലേക്ക് മുങ്ങിയവരേയും ഇന്ത്യയില്‍നിന്നു തന്നെ കണ്ടെത്തി ശിക്ഷിക്കാന്‍ വഴിയൊരുങ്ങുമെന്ന് നിയമ വിദഗ്ധര്‍ അറിയിച്ചു.

 നിരവധി പേര്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ കഴിയുന്നുണ്ടെന്നും അവര്‍ക്കെതിരെ നിയമനപടി തുടരാന്‍ പുതിയ വിജ്ഞാപനം സഹായിക്കുമെന്നും അവര്‍ അറിയിച്ചു.


 


പ്രധാന വാർത്തകൾ
 Top