ഒമാൻ> ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിഭാഗം മെയ് 5, 6 തിയതികളിലായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് അരങ്ങേറുന്നത്. ആറു വർഷത്തിനു ശേഷമാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഒമാനിലെ ഭക്ഷ്യോൽപാദന-വിതരണ കമ്പനിയായ 'ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ്' ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്‌ത്രീ എന്ന സന്ദേശത്തിൽ ഊന്നിക്കൊണ്ടാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫെസ്റ്റിവലില്‍ മുഖ്യാതിഥിയാകും. ഇന്ത്യൻ അംബാസിഡർ അമിത് നാരംഗ്, ഇന്ത്യയിൽ നിന്നും ഒമാനിൽ നിന്നുമുള്ള കലാ -സാംസ്‌കാരിക പ്രവര്‍ത്തകര്‍- തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. തൃശൂർ ജനനയനയുടെ ഇരുപതോളം കലാകാരൻമാര്‍ പരിപാടികള്‍ അവതരിപ്പിക്കും.
കൈരളി- ജെ കെ ഫിലിംസ് അവാർഡ് എന്ന പേരിൽ ഈ വർഷം മുതൽ ഐ സി എഫ് വേദിയിൽ വച്ച് കലാരംഗത്തെ സംഭാവനകള്‍ക്ക് അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമായിരിക്കും അവാർഡ്. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ രംഗത്തുള്ള ഓമന ഔസേപ്പിനാണ് പ്രഥമ കൈരളി- ജെ കെ ഫിലിംസ് അവാർഡ്.
ഫെസ്റ്റിവലിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ശാസ്‌ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്‌കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്‌കൂളുകളും പങ്കെടുക്കുന്ന ശാസ്‌ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്‍കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, സംഘാടക സമിതി ചെയർമാൻ വിൽസൺ ജോർജ്, സംഘാടക സമിതി അംഗങ്ങളായ അഡ്വക്കേറ്റ് ഗിരീഷ്, എം കെ അംബുജാക്ഷൻ, കെ വി വിജയൻ, ഷാഹി സ്പൈസസ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ അബ്‌ദുൾ റഹ്മാൻ, മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത്, മറ്റു സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..