05 April Sunday

ഇന്ത്യയും സൗദിയുമായുള്ള വാണിജ്യബന്ധം കൂടുതൽ മെച്ചപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

ഹസ്സയിലെ സാമൂഹ്യ പ്രവർത്തകർ അംബാസ്സഡറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

അൽഹസ്സ >  ഇന്ത്യയിലേക്ക് കൂടുതൽ സൗദി നിക്ഷേപം ആകർഷിക്കുന്നതിനും വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യ മുൻകൈയെടുക്കുമെന്ന് അംബാസ്സഡർ ഔസാഫ് സയീദ് പറഞ്ഞു. ഇന്ത്യൻ എംബസിയും അൽഹസ്സ ചേംബർ ഓഫ് കൊമേഴ്‌സ്സുമായി ചേർന്ന് സംഘടിപ്പിച്ച കാറ്റലോഗ്  ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്റ്ററും അംബാസഡറും ചേർന്ന് ഷോ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ എംബസി മാർക്കറ്റിങ് എക്സി: ഒമർ അമീൻ യൂസഫ് നേതൃത്വം നൽകി. നിലവിൽ 2 .6 ദശലക്ഷം ഇന്ത്യക്കാരിൽ നിന്നും 1 .5 ബില്യൺ നിക്ഷേപമാണ് സൗദിയിൽ ഉള്ളത് . ഇത് വർധിപ്പിക്കാനാവശ്യമായി വാണിജ്യ ബന്ധം സുതാര്യമാക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു . അൽഹസ്സ ഗവർണ്ണർ പ്രിൻസ് ബദർ ബിൻ മുഹമ്മദ് ബിൻ ജലവിയുമായി അംബാസ്സഡർ കൂടിക്കാഴ്ച നടത്തി. അധ്വാനശീലരും സൗദി നിയമങ്ങൾക്കു വിധേയരായി ജീവിക്കുന്നവരുമായ   ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള നടപടികൾക്ക് ഗവർണ്ണർ പിന്തുണ അറിയിച്ചതായും  അംബാസ്സഡർ പറഞ്ഞു.

 ഗവർണറുമായുള്ള കൂടിക്കാഴ്ച സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാണെന്നു അംബാസഡർ അഭിപ്രായപ്പെട്ടു. അൽഹസ്സയിലെ എംബസി വളണ്ടിയർമാരും സാമൂഹ്യപ്രവർത്തകരുമായി അംബാസ്സഡർ ചർച്ച നടത്തി. അൽഹസ്സയിൽ നിയമക്കുരുക്കുകളിൽ പെട്ട് അഭയകേന്ദ്രത്തിൽ കഴിയുന്ന വിദേശികളെ റിയാദിൽനിന്നും നാട്ടിലേക്കു അയക്കുന്നതു പുനഃപരിശോധിക്കുമെന്നും  ഹസ്സയിൽ നിന്ന് നേരിട്ടയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

പാസ്സ്‌പോർട്ട് സംബന്ധിച്ചു ഉയർന്നുവന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന ടൗൺഷിപ്പ് റിയാദ് ബത്ഹയിൽ നിർമ്മിക്കാൻ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാണിജ്യം, സാംസ്കാരികം, കല, സാഹിത്യം, സാമൂഹ്യക്ഷേമം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രവർത്തനം വ്യാപിപ്പിക്കും.

 ഹസ്സയിൽ സൗദി ഇന്ത്യ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നതിനായുള്ള സാമൂഹ്യപ്രവർത്തകരുടെ ആവശ്യം സജീവപരിഗണനയിൽ ഉള്ളതായി അദ്ദേഹം പറഞ്ഞു. ഹസ്സയിലെ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങൾ അദ്ദേഹംസന്ദർശിച്ചു. കൂടിക്കാഴ്ചയിൽ സാമൂഹ്യപ്രവർത്തകരായ   ഹനീഫ മൂവാറ്റുപുഴ, നാസർ മദനി, സലിം മണാട്ട്, റഹീം, ശ്രീകുമാർ, ചന്ദ്രശേഖരൻ, ജിന്ന, നാസർ, ഫൈസൽ അൽഹസ്സ മോഡേൺ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ കാസി മുഹമ്മദ് സിദ്ദിക്ക് എന്നിവർ   പങ്കെടുത്തു

 


പ്രധാന വാർത്തകൾ
 Top