26 June Wednesday

ഇന്ത്യാ പ്രസ്‌ക്ലബിന്റെ എട്ടാമത് ദേശീയ സമ്മേളനം ന്യുജേഴ്‌സിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

വാഷിങ്ടണ്‍ > അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനം 2019 ഒക്‌ടോബര്‍ 11,12,13 തീയതികളില്‍ ന്യുജേഴ്‌സി ഇ ഹോട്ടൽ ബാങ്ക്വെറ്റ് ആൻഡ്‌ കോൺഫറൻസ്‌ സെന്ററില്‍ നടക്കും. ഇന്ത്യാ പ്രസ്‌ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്‌പര്‍ശിയായി പ്രവർത്തിക്കുന്ന സാമുഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്‌ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് എട്ടാമത്  ദേശീയ സമ്മേളനത്തിന്റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന്റെ മാറ്റ് കൂട്ടും.

ഇന്ത്യാപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക 2006 ലാണ് രൂപം കൊണ്ടത്. സ്ഥാപക പ്രസിഡന്റായിരുന്ന ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ദേശീയസമ്മേളനം 2006 ല്‍ ന്യുയോര്‍ക്കില്‍ നടത്തപ്പെട്ടു. പിന്നീട് പ്രസിഡന്റായ ജോസ് കണിയാലിയുടെ നേതൃത്വത്തില്‍ 2008 ലും, 2009 ലും യഥാക്രമം ചിക്കാഗോയിലും ന്യൂജേഴ്‌സിയിലും ദേശീയസമ്മേളനം നടത്തി. തുടര്‍ന്ന് പ്രസിഡന്റുമാരായ റെജി ജോര്‍ജ്, മാത്യൂ വര്‍ഗീസ് എന്നിവരുടെ സംഘാടകമികവിന്റെ നിദര്‍ശനങ്ങളായിരുന്നു 2011ലും 2013ലും ന്യൂജേഴ്‌സിയില്‍ കൂടിയ ദേശീയസമ്മേളനം. 2015ല്‍ അന്നത്തെ പ്രസിഡന്റ് ടാജ് മാത്യൂവിന്റെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ വിപുലമായ ദേശീയ സമ്മേളനം നടത്തി. സമകലീന വിഷയങ്ങള്‍ അഗാധമായി ചര്‍ച്ച ചെയ്‌തു. ഏഴാമത് കോണ്‍ ഫ്രന്‍ സ് ചിക്കാഗൊയില്‍ 2017-ല്‍ നടക്കുമ്പോള്‍ ശിവന്‍ മുഹമ്മയായിരുന്നു പ്രസിഡന്റ്.

കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, ഡി വിജയ മോഹന്‍, സന്തോഷ് ജോര്‍ജ് ജേക്കബ്, ഷാനി പ്രഭാകര്‍ , മനോരമ ചാനല്‍ തലവനായ ജോണി ലൂക്കോസ്, , ശ്രീകണ്ഠന്‍ നായര്‍, എം.ജി.രാധാകൃഷണന്‍, വിനു. വി.ജോണ്‍  അളകനന്ദ, ജോണ്‍ ബ്രിട്ടാസ്, എന്‍ പി ചന്ദ്രശേഖര്‍, പ്രഭാ വര്‍മ(കൈരളി ടി വി), എന്‍പി രാജേന്ദ്രന്‍, ഉണ്ണി ബാലകൃഷ്‌ണന്‍ (മാതൃഭൂമി), സൂര്യാ ടിവി ന്യൂസ് ഹെഡായിരുന്ന റോയ് മാത്യൂ, പിവി ജോസഫ് (ഇന്ത്യാ ടുഡേ), ബി സി ജോജൊ (കേരളകൗമുദി), 2ജി സ്‌പെക്‌ട്രം അഴിമതി പുറത്തു കൊണ്ടുവന്ന ഗോപീകൃഷ്‌ണന്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്ത മുഖ്യധാര മാധ്യമ പ്രവര്‍ത്തകരായിരുന്നു. മന്ത്രിമാരായിരുന്ന ഇ.അഹമദ്, മോന്‍സ് ജോസഫ്, ബിനോയ് വിശ്വം, വി എസ് സുനില്‍ കുമാര്‍, ചീഫ് വിപ്പായിരുന്ന തോമസ് ഉണ്ണിയാടന്‍, എംപിമാരായിരുന്ന വി ബാലഗോപാല്‍, എം ബിരാജേഷ്, ജോസ്‌ കെ മാണി, എംഎല്‍എമാരായ ജോഷി അഗസ്റ്റിന്‍, വി ടി ബല്‍റാം, വി ഡി സതീശന്‍, രാജു എബ്രഹാം, വീണാ ജോര്‍ജ് എം സ്വരാജ് തുടങ്ങിയവരും വിവിധ ദേശീയ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top