07 June Sunday

സൗദിക്കുനേരെയുള്ള ഹുതി മിസൈലുകള്‍ സൈന്യം തകര്‍ത്തു

അനസ് യാസിന്‍Updated: Saturday Feb 22, 2020

മനാമ> സൗദി നഗരങ്ങളെ ലക്ഷ്യമാക്കി യെമനിലെ ഹൂതി മിലീഷ്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. മിസൈലുകള്‍ സൈന്യം ആകാശത്തുവെച്ച് തകര്‍ക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച്  സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. 

വ്യഴാഴ്ച അര്‍ധരാത്രിക്കുശേഷം 12.30 ഓടെയായിരുന്നു മിസൈല്‍ ആക്രമണം. ജനവാസ കേന്ദ്രങ്ങള്‍ ഉന്നമിട്ട് അനേകം മിസൈലുകള്‍ ഇറാന്‍ പിന്‍തുണയുള്ള ഹുതികള്‍ വിക്ഷേപിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടാക്കാനും വിക്ഷേപിക്കാനുമുള്ള കേന്ദ്രമായി മാറിയിരിക്കയാണ് യെമന്‍ തലസ്ഥാനമായ സന. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിദൂര നിയന്ത്രിത സ്‌ഫോടകവസ്തുക്കളും അയക്കുന്ന ഹൂതി മിലീഷ്യയെ പരമാവധി സംയമനത്തോടെയാണ് സഖ്യസേന നേരിടുന്നതെന്ന് അല്‍ തുര്‍ക്കി പറഞ്ഞു.

സഖ്യരാജ്യങ്ങളിലെ പൗരന്മാരെയും പ്രവാസികളെയും ഇത്തരം കിരാത ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര മാനുഷിക ചട്ടങ്ങള്‍ക്ക് അനുസൃതമായി കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് സഖ്യത്തിന്റെ സംയുക്ത സേന കമാന്‍ഡ് കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.യെമന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതില്‍ ഹുതികള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് മിസൈല്‍ ആക്രമണം കാണിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പ്രസ്താവിച്ചു.


 


പ്രധാന വാർത്തകൾ
 Top