മനാമ
മൂന്നര വർഷത്തിനുശേഷം ഖത്തർ പ്രതിസന്ധിക്ക് പരിഹാരമാകുന്നത് ഗൾഫ് മേഖലയിൽ പുതിയ പ്രതീക്ഷ. ഗൾഫ് പൗരൻമാരും പ്രവാസികളും നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്ന കരാറിനെ സ്വാഗതംചെയ്തു.
ചൊവ്വാഴ്ച സൗദിയിലെ വടക്കുപടിഞ്ഞാറൻ പൗരാണിക നഗരമായ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിയിലാണ് ഖത്തറിനുമേൽ സൗദി, ബഹ്റൈൻ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ നയതന്ത്ര-–- ഗതാഗത ഉപരോധം നീക്കാൻ തീരുമാനിച്ചത്. ആറു ഗൾഫ് രാജ്യവും ഈജിപ്തും കരാറില്‍ ഒപ്പുവച്ചു. കരാർ പ്രകാരം ഉപരോധം അവസാനിപ്പിക്കുന്നതിന് പകരമായി ഖത്തർ ഉപരോധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം.
2017 ജൂൺ അഞ്ചിനാണ് ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. തുടർന്ന്, ഉപരോധം പിൻവലിക്കാൻ ജൂൺ 22ന് 13 ഇന നിർദേശം ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും ഖത്തർ തള്ളി. കുവൈത്തിലെ അന്തരിച്ച മുൻ അമീർ ഷെയ്ഖ് സബാ ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ നിരന്തരം ശ്രമിച്ചിരുന്നു. ഉപരോധം പിൻവലിക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന്റെ നേതൃത്വത്തിൽ ഊർജിത ശ്രമമാണ് നടന്നത്.
ഖത്തറുമായി സൗദിയും ബഹ്റൈനും ഈജിപ്തും സമ്പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം വ്യോമ ഗതാഗതവും കപ്പൽ, വാണിജ്യ ബന്ധങ്ങളും സാധാരണ നിലയിലാകും.എന്നാല്‍, ഖത്തറുമായി സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് വൈകുമെന്ന സൂചന യുഎഇ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..