24 August Saturday

സൗദിയില്‍ വിദേശ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

അനസ് യാസിന്‍Updated: Sunday Jul 14, 2019

മനാമ 
3അക്കൗണ്ടിങ‌് മേഖലയിലെ സ്വദേശിവൽക്കരണ തീരുമാനത്തിന‌് പിന്നാലെ സൗദിയിൽ വിദേശ അക്കൗണ്ടന്റുമാർക്കും ഓഡിറ്റർമാർക്കും പ്രെഫഷണൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. മേഖലയിലെ വിദേശികളുടെ എണ്ണം കൃത്യമായി കണക്കാക്കി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നത് തടയൽ ലക്ഷ്യമിട്ടാണ് നീക്കം.

തൊഴിൽ, സാമൂഹികവികസന മന്ത്രാലയവുമായി സഹകരിച്ച് സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് (എസ്ഒസിപിഎ) ആണ് പദ്ധതി നടപ്പാക്കുക. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കൃത്യമായ വിവരം ഇപ്പോൾ ലഭ്യമല്ല. പ്രൊഫഷണൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയാൽ ഈ അവസ്ഥയ‌്ക്ക് മാറ്റംവരുമെന്ന് എസ്ഒസിപിഎ കണക്കുകൂട്ടുന്നു. ആവശ്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കിയാൽ ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള പദ്ധതികൾ തയ്യാറാക്കാനാകുമെന്ന് എസ്ഒസിപിഎ വക്താവ് അബ്ദുല്ല അൽറാജിഹ് പറഞ്ഞു. ഈ വർഷം ആദ്യപകുതിയിൽ 1,972 അക്കൗണ്ടന്റുമാർ രജിസ്റ്റർചെയ്തു. ഇതിൽ 68 പേർ വനിതകളാണ്. വാണിജ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് എസ്ഒസിപിഎ പ്രവർത്തിക്കുന്നത്.

സൗദിയിൽ അക്കൗണ്ടിങ‌് കമ്പനികളിലും ഓഫീസുകളിലുമായി മലയാളികളടക്കം 1,70,000 ഓളം വിദേശികളുണ്ടെന്നാണ് കണക്ക്. നാലായിരത്തെണ്ണൂറോളം മാത്രമാണ് സൗദികൾ. അക്കൗണ്ടിങ‌് മേഖലയിൽ പ്രൊഫഷണൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയാൽ സ്വദേശികൾക്കാകും മുൻഗണന. ആരോഗ്യമേഖലയിൽ നിലവിൽ പ്രൊഫഷണൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഇതുവഴി വിവിധ തസ്തികകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ തൊഴിൽ മന്ത്രാലയത്തിന‌് കഴിഞ്ഞു. ഇതേ മാതൃക അക്കൗണ്ടിങ‌് മേഖലയിലും നടപ്പാക്കാനാണ് ആലോചന.

സ്വകാര്യമേഖലയിലെ 20,000 അക്കൗണ്ടിങ‌് തസ്തികകൾ 2022 അവസാനത്തോടെ സൗദിവൽക്കരിക്കുകയാണ് സർക്കാർ ലക്ഷ്യം. മാനവശേഷി വികസന നിധി, എസ്ഒസിപിഎ എന്നിവയുമായി തൊഴിൽ മന്ത്രാലയം മാർച്ചിൽ ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവച്ചു. പുതിയ സൗദി അക്കൗണ്ടന്റുമാർക്ക് എസ്ഒസിപിഎ പരിശീലനം നൽകും. അക്കൗണ്ടിങ‌് കമ്പനികളിലും ഓഫീസുകളിലും 50 ശതമാനംവരെ സൗദിവൽക്കരണം നടപ്പാക്കുമെന്ന് വാണിജ്യ, നിക്ഷേപമന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top