18 September Wednesday

കേഫാക് യുണിമണി ഫുട്ബോൾ ലീഗിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കുവൈത്ത് സിറ്റി > കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേഫാക് യുണിമണി  ഫുട്ബോൾ ലീഗ് സീസണിന് വെള്ളിയാഴ്ച തുടക്കമാകും. വൈകുന്നേരം മിശ്രിഫിലെ പബ്ളിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരങ്ങളായ   ജാസിം യാഖൂബ് , മുഹമ്മദ്‌  അല്‍ സായര്‍,  മുഹമ്മദ് ഖലീല്‍ ,അബ്ദുല്‍ അസീസ്‌ ഹസന്‍,   അഡ്മിനിസ്ട്രീവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അല്‍ ഹദിയ എന്നിവര്‍  മുഖ്യാതിഥികളാകും.
 
 ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന  കേഫാക് സോക്കര്‍ ലീഗില്‍  കുവൈത്തിലെ 18  ടീമുകളും മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള  വെറ്ററന്‍സ് താരങ്ങള്‍ അണിനിരക്കുന്ന മാസ്റ്റേര്‍സ് ലീഗില്‍ പതിനെട്ട് ടീമുകളും   മാറ്റുരക്കും .  നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരളക്ക്  പുറമെ അല്‍ ശബാബ് എഫ്.സി, ബ്ലാസ്റ്റേസ് കുവൈത്ത്  എഫ്.സി, ബോഡി സോണ്‍ റൌദ എഫ്.സി, ബോസ്കോ ചാമ്പ്യന്‍സ് എഫ്.സി, സി.എഫ്.സി സാല്‍മിയ,സിയാസ്കോ എഫ്.സി, സിറ്റി ക്ലിനിക് ബിഗ്‌ ബോയ്സ് ‌, കൂളന്റ് ബ്രദേര്‍സ് കേരള, ഫഹാഹീല്‍ ബ്രദേര്‍സ് , കേരള ചാലഞ്ചെര്‍സ് , കുവൈത്ത് കേരള സ്റ്റാര്‍സ്, മാക്ക് കുവൈത്ത് , സില്‍വര്‍ സ്റ്റാര്‍ എഫ്.സി,  സ്പാര്‍ക്സ് എഫ്.സി , ടി.എസ്.എഫ്.സി , യുണൈറ്റഡ് ജോബ്സ് എം.ബി.എഫ്.സി, യംഗ് ഷൂട്ടേര്‍സ് അബ്ബാസിയ  എന്നീ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുക.
 
 ഒമ്പത് മാസം നീളുന്ന  ഫുട്ബാള്‍ ലീഗ് എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മണി  മുതല്‍ രാത്രി ഒമ്പത് മണി  വരെയാണ് നടക്കുക. ഉദ്‌ഘാടന ദിവസം നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരള, മലപ്പുറം ബ്രദേര്‍സിനേയും റന്നര്‍അപ്പായ ചാമ്പ്യന്‍ എഫ്സി യംങ്‌ ഷൂട്ടേര്‍സിനേയും നേരിടുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.  വാര്‍ത്താ സമ്മേളനത്തില്‍ കേഫാക് പ്രസിഡന്റ്‌ ടി വി സിദ്ദിഖ്‌, റോബര്‍ട്ട്‌, കേഫാക് സെക്രട്ടറിമാരായ ജസ്വിന്‍, ഹനീഫ, അബ്ബാസ് വയനാട്, പ്രോഗ്രാം കണ്‍വീനര്‍ ഷാജഹാന്‍, സഫറുള്ള, മൻസൂർ, റബീഷ്‌, ഷബീർ എന്നിവര്‍ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top