24 October Thursday

ഇന്ത്യൻ സ്‌കൂളിനു നവീകരിച്ച ഫുട്ബോൾ മൈതാനം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

മനാമ> ഇന്ത്യൻ സ്‌കൂൾ  ഈസ ടൗൺ കാമ്പസിലെ ഫുട്ബാൾ മൈതാനം കൂടുതൽ സൗകര്യങ്ങളോടെ  നവീകരിച്ചു.  പുതുക്കിയ ഫുട്ബോൾ മൈതാനം ശനിയാഴ്ച ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂളിനായി സമർപ്പിച്ചു. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 26,000 ദിനാറാണെന്നു  കണക്കാക്കപ്പെടുന്നു.

ബഹ്‌റൈനിലെ  സാന്റി എക്‌സ്‌കവേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ്  നവീകരണം നടത്തിയത്‌. അവരുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൈതാനം സ്‌കൂളിനായി  നവീകരിച്ചു നൽകിയത്. വർഷങ്ങളായി ഫുട്ബോൾ മൈതാനം ഒരു പൊടിപടലമായി കിടക്കുകയായിരുന്നു. 



ഇസ ടൗൺ  കാമ്പസിൽ‌ നടന്ന ലളിതമായ ചടങ്ങിൽ‌ സാന്റി എക്‌സ്‌കവേഷൻ‌സ് ആൻഡ്  കൺ‌സ്‌ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ആർ രമേശ് സ്പോൺ‌സർ‌ഷിപ്പ് രേഖ സ്കൂളിനു കൈമാറി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  രേഖ സ്വീകരിച്ചു. 

ഇന്ത്യൻ സ്‌കൂൾ  സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  അഡ്വ. ബിനു മണ്ണിൽ വറുഗീസ് , രാജേഷ് എം‌എൻ, അജയകൃഷ്ണൻ വി, സജി ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, കമ്മ്യൂണിറ്റി നേതാക്കളായ  മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പി‌എം, ബോബൻ ഇടിക്കുള,  വൈസ് പ്രിൻസിപ്പൽമാർ , ഹെഡ് ടീച്ചർമാർ,  പഠന വകുപ്പ് മേധാവികൾ,  കോഓർഡിനേറ്റർമാർ എന്നിവർ   പങ്കെടുത്തു.

ചടങ്ങിൽ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം (ഫിനാൻസ്) അഡ്വ. ബിനു മണ്ണിൽ വറുഗീസ് ,   എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം (കായികം) രാജേഷ് എം എൻ , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സാമൂഹ്യ പ്രവർത്തകൻ  മുഹമ്മദ് ഹുസൈൻ മാലിം എന്നിവർ  സ്കൂളിനെ പിന്തുണയ്ക്കാൻ മുന്നോട്ട് വന്ന രക്ഷാകർതൃ സമൂഹത്തിനു  നന്ദി അറിയിച്ചു.

ഇന്ത്യൻ സ്‌കൂൾ  അതിന്റെ  എഴുപതു വർഷങ്ങൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വേളയിൽ  പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അക്കാദമിക്, സാംസ്കാരിക പദ്ധതികൾ എന്നിവയുടെ സാക്ഷാത്കാരത്തിനും  പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ  കാമ്പസിലെ   ഫുട്ബോൾ മൈതാനത്തിന്റെ നവീകരണം ഇതിന്റെ പ്രധാന ചുവടുവെപ്പാണ്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top