22 October Tuesday

കേരളത്തിന് സ്‌നേഹസ്പര്‍ശവുമായി ബാലവേദി കുവൈറ്റ് കൂട്ടുകാരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

കുവൈറ്റ് സിറ്റി> പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹായം ഉണ്ടാവണമെന്ന മുഖ്യമന്ത്രിയുടെ അഹ്വാനം ഏറ്റെടുത്ത് ബാലവേദി കുവൈറ്റ് കൂട്ടുകാരും. ബാലവേദി കുവൈറ്റ് പൂമ്പാറ്റ ക്ലബ് എക്‌സിക്യൂട്ടീവ് അംഗം ആദിക് രഞ്ജിത്ത്, ആന്‍വേ രഞ്ജിത്ത് എന്നിവരും ഹന്ന വിനുവും കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ സ്വരൂപിച്ചു വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കുന്നതിനുവേണ്ടി കല കുവൈറ്റ് ഭാരവാഹികളെ ഏല്‍പിച്ചു.

ബാലവേദി കുവൈറ്റ് ഫഹാഹീല്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വേനല്‍മഴ' ആട്ടവും പാട്ടുമായി ഇത്തിരി നേരം എന്ന പരിപാടിയില്‍ വെച്ചാണ് തുക കൈമാറിയത്.

ബാലവേദി കുവൈറ്റ് ഫഹാഹീല്‍ മേഖലയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി മംഗഫ് കല സെന്ററില്‍ വെച്ചു നടന്ന 'വേനല്‍മഴ' ആട്ടവും പാട്ടുമായി ഇത്തിരി നേരം എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസിഡന്റ് ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു.

കല കുവൈറ്റ് ഫഹാഹീല്‍ മേഖല ആക്ടിംഗ് സെക്രട്ടറി അനൂപ് മാങ്ങാട്, മാതൃഭാഷ സമിതി കണ്‍വീനര്‍ ജ്യോതിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എഴുപത്തഞ്ചോളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍  ജാസ് ഡാന്‍സ് അക്കാദമിയിലെ സിബിയും മറ്റു അധ്യാപകരും ചേര്‍ന്ന് സിനിമാറ്റിക്  ഡാന്‍സ്  പരിശീലനവും, പൊലിക നാടന്‍ പാട്ട് സംഘത്തിലെ സുനില്‍ രാജും കൂട്ടരും നാടന്‍ പാട്ടുകളെ പറ്റി കുട്ടികളോട് അറിവുകള്‍ പങ്കുവെച്ചു.

 കുട്ടികള്‍ക്ക് വേണ്ടി നാടന്‍ പാട്ടുകളും ആലപിച്ചു.  ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ ജ്യോതിഷ്, രവീന്ദ്രന്‍ എന്നിവര്‍ കൈമാറി. കല കുവൈറ്റ് ഫഹാഹീല്‍ മേഖല പ്രസിഡന്റ് സജീവ് മാന്താനം, ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങള്‍ മാതൃഭാഷ സമിതി അംഗങ്ങള്‍ കല കുവൈറ്റ് പ്രവര്‍ത്തകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top