01 April Wednesday

ഷാര്‍ജയില്‍ ടാങ്കറില്‍ തീപിടുത്തം; 2 ഇന്ത്യക്കാര്‍ മരിച്ചു, രണ്ടുപേരെ കാണാതായി

അനസ് യാസിന്‍Updated: Friday Jan 31, 2020

മനാമ>  ഷാര്‍ജ തീരത്തിനടുത്ത് എണ്ണ ടാങ്കറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു പേരെ കാണാതായി. എട്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് ഷാര്‍ജ തീരത്തു നിന്നും 21 നോട്ടില്‍ക്കല്‍മൈല്‍ അകലെ എംടി സാം എന്ന ക്രൂഡ് ഓയില്‍ ടാങ്കറില്‍ തീപിടുത്തമുണ്ടായത്.

സംഭവസമയത്ത് കപ്പലില്‍ 12 ജോലിക്കാരും 44 സാങ്കേതിക വിദഗ്ധരും ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, എതോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ജീവനക്കാര്‍.രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായും രണ്ടു പേരെ കാണാതായാതയും അധികൃതര്‍ ദുബായ് കോണ്‍സുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണ്. മരിച്ച ഇന്ത്യക്കാര്‍ ഏത് സംസഥാനത്തുനിന്നുള്ളവരാണെന്ന് വ്യക്തമല്ല.

പസഫിക് സമുദ്രത്തിലെ പലൗ ദ്വീപില്‍ രജിസ്റ്റര്‍ ചെയത് എംടി സാം പൊളിക്കാനായി ഇന്ത്യയിലേക്കു പോകുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 44 സാങ്കേതിക വിദഗ്ധര്‍ പൊളിക്കുന്നതിന്റെ ചുമതലക്കാരാണ്. ടാങ്കറില്‍ ഓയില്‍ ഉണ്ടായിരുന്നില്ലെന്നും അറ്റകുറ്റപ്പണിക്കിടെയാണ് കപ്പലിന് തീപിടുത്തമുണ്ടായതെന്നും യുഎഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തീയണയ്ക്കാനുള്ള എല്ലാ സഹായവും നല്‍കിയതായും അതോറിറ്റി അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top