14 April Wednesday

ഷെല്‍ ആക്രമണത്തില്‍ ജിസാനില്‍ എണ്ണ ടാങ്കര്‍ തീപിടിച്ചു

അനസ് യാസിന്‍Updated: Saturday Mar 27, 2021


മനാമ > അജ്ഞാത ഷെല്‍ (പ്രൊജക്ടൈല്‍) പതിച്ച് സൗദിയിലെ ജിസാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു. പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 62 ഡോളറായി ഉയര്‍ന്നു.


വ്യാഴാഴ്ച രാത്രി 9.08ന് ജിസാനിലെ എണ്ണ ടാങ്കറിന് നേരെ പ്രൊജക്ടൈല്‍ ആക്രമണം നടന്നതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍, അരാണ് ആക്രമണം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല. ജിസാനില്‍ എവിടെയാണ് എണ്ണ ടാങ്കര്‍ ആക്രമിക്കപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടില്ല. യമന്‍ ആഭ്യന്തര യുദ്ധത്തിന്റെ ആറാംവാര്‍ഷികത്തിലാണ് ആക്രമണം. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, വ്യാഴാഴ്ച പകല്‍ യമനിലെ ഹുതി വിമിതര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച എട്ട് ഡ്രോണുകള്‍ സൗദിയെ ലക്ഷ്യമിട്ട് അയച്ചിരുന്നു. ഇതില്‍ ജിസാനിലെയും നജ്‌റാനിലെയും സര്‍വകലാശാലകളെയും ലക്ഷ്യമിട്ടിരുന്നതായി സൗദി വ്യോമ പ്രതിരോധ സേന അറിയിച്ചു. ഡ്രോണുകള്‍ ലക്ഷ്യം കാണുംമുന്‍പ് സൈന്യം തകര്‍ത്തു.


തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ പ്രമുഖ ചെങ്കടല്‍ തുറമുഖ പട്ടണമായ ജിസാന്‍ യമന് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണ്.  സൗദി അരാംകോയുടെ നാലു ലക്ഷം ബാരല്‍ പ്രതിദിന ശേഷിയുള്ള ഏറ്റവും പുതിയ റിഫൈനറി ജിസാനിലാണുള്ളത്.
യമനില്‍ വെടി നിര്‍ത്തലിന് സന്നദ്ധത അറിയിച്ച സൗദി കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഹുതികള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.


ഈ മാസം ഇത് മൂന്നാം തവണയാണ് സൗദിയില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിയാദിലെ അരാംകോ റിഫൈനറിക്ക് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചിരുന്നു. കഴിഞ്ഞ എട്ടിന് കിഴക്കന്‍ പ്രവിശ്യയിലെ രാസ് തനൂറ തുറമുഖത്തെ അരാംകോ എണ്ണ പ്ലാന്റിനും ദഹ്‌റാനിലെ അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രത്തിനും നേരെ ഹുതി മിലിഷ്യ ആക്രമണം നടത്തിയിരുന്നു. 

 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top