കുവൈറ്റ് സിറ്റി > സിനിമ സര്‍ക്കിള്‍ കുവൈറ്റ് പ്രതിമാസ പ്രദര്‍ശനം ഇരുപതിലേക്ക് കടക്കുന്നു. ഇരുപതാമത് ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് കേരളത്തിലെ സമാന്തരസിനിമാ വേദികളില്‍ ഏറ്റവും സജീവമായി പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത പ്രതാപ് ജോസഫ് സംവിധാനം ചെയ്ത 'രണ്ടു പേര് ചുംബിക്കുമ്പോള്‍' എന്ന മലയാള സിനിമയാണ്.
കലാമൂല്യമുള്ള സിനിമകള്‍ ഒന്നിച്ചിരുന്നു കാണാനും സംവദിക്കാനും ഒരു തുടര്വേദി എന്ന ആശയത്തിന്റെ തുടര്‍ച്ചയായി രൂപംകൊടുത്ത സംവിധാനത്തില്‍ വിവിധ ലോകഭാഷകളിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുമായി നിരവധി മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. സമാന്തര മലയാളസിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിലെ സമാന്തരസിനിമാപ്രസ്ഥാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ഒക്ടോവിയോ പാസിന്റെ 'സൂര്യ ശിലയിലെ' വരികള്‍ ഓര്‍മ്മിപ്പിക്കുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അത് മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളെയും അതിന്റെ രാഷട്രീയ പരിസരത്തേയും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. സമകാലിക സിനിമയുടെ ശൈലിയെ മാറ്റിപ്പണിയാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ കാലത്തിന്റെ രാഷ്ട്രീയ പരിസരങ്ങളെ ചുറ്റുപാടിനെ ശക്തമായി കലയിലേക്ക് ആവാഹിക്കുന്നുണ്ട്. കോഴിക്കോട്ടെ ഓപ്പണ്‍ സ്ക്രീന്‍ തീയറ്ററില്‍ കഴിഞ്ഞ മാസം ദിവസങ്ങളോളം ഈ സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നവംബര്‍ 16 വ്യാഴം 7 മണിക്ക് അബ്ബാസിയ ഫോക്ക് ഹാളിലാണ് സൗജന്യ പ്രദര്‍ശനവും ഓപ്പണ്‍ഫോറവും സംഘടിപ്പിച്ചിരിക്കുന്നത്.