റോഡ് വികസനത്തിൽ പഞ്ചവത്സര പദ്ധതിയുമായി ആർടിഎ
ദുബായ് > അഞ്ച് വർഷത്തിനകം 634 കിലോമീറ്റർ റോഡുകൾ നിർമിക്കുന്ന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. എമിറേറ്റിലെ ജനസംഖ്യാ വളർച്ചയ്ക്കും നഗരവികസനത്തിനും അനുസൃതമായി പാർപ്പിട, വ്യാവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിന്റെ ഭാഗമാണ് പഞ്ചവത്സര റോഡ് നിർമാണ പദ്ധതിയെന്ന് ദുബായ് ആർടിഎ മേധാവി മത്താർ അൽ തായർ അറിയിച്ചു. 370 കോടി ദിർഹം ചെലവ് വരുന്നതാണ് പദ്ധതി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വലിയ തോതിലുള്ള വികസനമാണ് റോഡ്, പാലം എന്നിവയുടെ നിർമാണതത്തിന്റെ കാര്യത്തിൽ ദുബായ് കൈവരിച്ചത്. 30 ശതമാനം മുതൽ 80 ശതമാനം വരെ നഗരവൽക്കരണ നിരക്കുള്ള പ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്.
12 പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 21 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2025-ൽ നാദ് അൽ ഷെബ 3, അൽ അമർദി എന്നിവിടങ്ങളിൽ 482 ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെടുന്ന മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് (എംബിആർഎച്ച്ഇ) പദ്ധതിക്ക് കീഴിൽ ആന്തരിക റോഡുകൾ നിർമ്മിക്കും. 100 ഹൗസിംഗ് യൂണിറ്റുകളുള്ള ഒരു മറ്റൊരു പദ്ധതി നടപ്പിലാക്കുന്ന ഹത്തയിലും അധിക ആന്തരിക റോഡുകൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
2026-ൽ നദ്ദ് ഹസ്സയിലും അൽ അവീർ-1 ലും 92 കിലോമീറ്റർ നീളമുള്ള ഇന്റേണൽ റോഡുകൾ ആർടിഎ നിർമ്മിക്കും. 2027-ൽ അൽ അത്ബ, മുഷ്രിഫ്, ഹത്ത എന്നിവിടങ്ങളിൽ 45 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളും ഇൻഡസ്ട്രിയൽ ഏരിയയിലെ വാർസൻ 3ൽ 14 കിലോമീറ്ററിലധികം റോഡുകളും വികസിപ്പിക്കും. 2028-ൽ, 284 കിലോമീറ്ററിലധികം നീളുന്ന ഏറ്റവും ദൈർഘ്യമേറിയ ഇന്റേണൽ റോഡ് പ്രോജക്ടുകളിലൊന്ന്, അൽ അവീർ 1, വാദി അൽ അമർദി, ഹിന്ദ് 3 എന്നീ മൂന്ന് കമ്മ്യൂണിറ്റികളിലായി നിർമ്മിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. വാദി അൽ അമർദിയിൽ 22 കിലോമീറ്റർ നീളമുള്ള റോഡുകളും ഹിന്ദ് 3ൽ 41 കിലോമീറ്റർ റോഡുകളുമാണ് പദ്ധതിയുടെ ഭാഗമായി പുതുതായി നിർമിക്കുന്നത്. റോഡുകളുടെ നിർമ്മാണം 2029 വരെ തുടരും. ഹിന്ദ് 4ലും അൽ യലായിസ് 5ലും 39 കിലോമീറ്ററും അൽ യലായിസ് 5ൽ 161 കിലോമീറ്ററും ഉൾപ്പെടുന്ന 200 കിലോമീറ്റർ നീളമുള്ള ആന്തരിക റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വലിയ തോതിലുള്ള വികസനമാണ് റോഡ്, പാലം എന്നിവയുടെ നിർമാണതത്തിന്റെ കാര്യത്തിൽ ദുബായ് കൈവരിച്ചത്. 2011 നും 2023 നും ഇടയിൽ 28 പാർപ്പിട, വ്യാവസായിക മേഖലകളിലെ ആന്തരിക റോഡുകൾ നിർമ്മിച്ചു. 2023, 2024 വർഷങ്ങളിൽ 17 മേഖലകളിലായി 83 കിലോമീറ്റർ ദൈർഘ്യമുള്ള ആന്തരിക റോഡുകളും ആർടിഎ വികസിപ്പിക്കുകയുണ്ടായി. അൽ വർഖ 4, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ, മർഗാം, ലെഹ്ബാബ്, അൽ ലിസൈലി, ഹത്ത (സുഹൈല, സൈർ, അൽ സലാമി) എന്നിവിടങ്ങളിൽ റോഡ് പദ്ധതികൾ പൂർത്തിയാക്കി. ജബൽ അലി ഇൻഡസ്ട്രിയൽ, നസ്വ, അൽ ഖവാനീജ് 2 ലെ ടോളറൻസ് ഡിസ്ട്രിക്റ്റ്, അൽ വർഖ, നാദ് അൽ ഷെബ 1, അൽ അവീർ എന്നിവിടങ്ങളിൽ റോഡ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
0 comments