22 April Monday

വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍; സൗദിയില്‍ പുതുയുഗം

അനസ് യാസിന്‍Updated: Monday Jun 25, 2018

ജിദ്ദയില്‍ ഞായറാഴ്ച രാവിലെ തന്റെ കാറില്‍ ജോലി സ്ഥലത്തേക്കുപോകുന്ന സൈക്യാട്രിസ്റ്റ് ഡോ. സമീറ അല്‍ ഗംദി

മനാമ > സ്വന്തം രാജ്യത്ത് നിയമാനുസൃതം വാഹനമോടിക്കുന്നതിനുള്ള സൗദി വനിതകളുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് ഞായറാഴ്ച വിരാമമായി. ശനിയാഴ്ച അര്‍ധരാത്രി 12 കഴിഞ്ഞതോടെ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വന്നു. തുടര്‍ന്ന് സ്വന്തം വാഹനങ്ങളുമായി വനിതകള്‍ റോഡിലിറങ്ങി പുതുയുഗപ്പിറവിക്ക് കൈയൊപ്പു ചാര്‍ത്തി.

ആത്മവിശ്വാസത്തിലും ഏകാഗ്രതയിലും വേഗത്തിലും തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. കാറുകളും എസ്യുവികളും വലിയ വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളുമായി നിരവധി വനിതകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരത്തുകളില്‍ ഇറങ്ങിയത്.

സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു തിരിച്ചറിയാന്‍ പാടുപെടുകയാണെന്നായിരുന്നു പല സ്ത്രീകളും പറഞ്ഞത്‌. ഇങ്ങിനെ സംഭവിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. സൗദിയിലെ നിരവധി സ്ത്രീകള്‍ക്ക് അമേരിക്കയും ബ്രിട്ടനുമടക്കം മറ്റു രാജ്യങ്ങളില്‍ ലൈസന്‍സ് ഉണ്ട്. അവധിക്കാലം ചെലവഴിക്കാന്‍ എത്തുമ്പോള്‍ അവിടെ അവര്‍ കാര്‍ ഓടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്വന്തം രാജ്യത്ത് വാഹനമോടിക്കുക എന്നത് അവര്‍ക്കു സ്വപ്നമായിരുന്നു.

ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏക രാജ്യമായിരുന്നു സൗദി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26ന് രാത്രിയാണ് സ്ത്രീകള്‍ക്കും വാഹനം ഓടിക്കാന്‍ അനുമതി നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ചരിത്രപരമായ ഉത്തരവിറക്കിയത്. സൗദി സമൂഹത്തില്‍ നല്ലൊരു പങ്കും സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെ എതിര്‍ക്കുന്നവരായിരുന്നു.

 അതുകൊണ്ടുതന്നെ ഇത്ര പെട്ടെന്ന് തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന് വനിതാ സമൂഹം കരുതിയില്ല.
പ്രമുഖ വനിതകളും വനിതാ ആക്ടിവിസ്റ്റുകളുമെല്ലാം ചരിത്രത്തിന്റെ വളയം തിരിക്കലിന് എത്തി. അതില്‍ യുവതികളും മധ്യവസ്‌കരും എല്ലാം ഉണ്ടായിരുന്നു. സൗദി ശൂറ കൗണ്‍സില്‍ അംഗവും വനിതാ ഡ്രൈവിങ്ങിനുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്ത ലെന അല്‍ മാഈന തന്റെ അമ്മയുടെ പേരിലുള്ള ലെക്‌സസ് കാറുമായാണ് ഞായറാഴ്ച നിരത്തിലറങ്ങിയത്.

വൈകാരികമായ നിമിഷമാണിതെന്ന് പ്രമുഖ വനിതാ വ്യവസായി പ്രതികരിച്ചു. 'അത് സംഭവിച്ചിരിക്കുന്നു, എനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല' എന്നായിരുന്നു ലെക്സസുമായി പുറത്തിറങ്ങിയ റിയാദിലെ ഹെസ്സാ അല്‍ അജാജിയുടെ പ്രതികരണം. ഇവരുടെ അമേരിക്കന്‍ ലൈസന്‍സ് സൗദിയിലേക്കു മാറ്റുകയായിരുന്നു. 'ഞാന്‍ പക്ഷിയായതുപോലെ അനുഭവപ്പെടുന്നു എന്നായിരുന്നു അവതാരികയും എഴുത്തുകാരിയുമായി സമര്‍ അല്‍മോര്‍ഗന്‍ പ്രതികരിച്ചത്.

 'ഇതു ഞങ്ങളുടെ അവകാശമാണ്, അവസാനം ഞങ്ങള്‍ അത് നേടിയിരിക്കുന്നു. സമയമാകുമ്പോള്‍ എല്ലാവരും അത് അംഗീകരിക്കും' ജിദ്ദയില്‍ ജോലി സ്ഥലത്തേക്കു സ്വന്തം കാര്‍ ഓടിച്ചെത്തിയ സൈക്യാട്രിസ്റ്റ് ഡോ. സമീറ അല്‍ ഗംദി പറഞ്ഞു.

സ്വദേശികളും വിദേശികളുമായ 54,000 ലേറെ സ്ത്രീകളാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് സമ്പാദിച്ചവര്‍. ഇതില്‍ പുതുതായി ലൈസന്‍സ് നേടിയവരും വിവിധ രാജ്യങ്ങളിലെ ലൈസന്‍സുള്ള    സൗദിയിലേക്ക് മാറ്റിയവരുമുണ്ട്. 

കിരീടവകാശി 32 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിരന്തരവും ശക്തവുമായ ഇടപെടലാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് യാഥാര്‍ഥ്യമാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയിലെ സിബിഎസ് ചാനല്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സൗദി കിരീടവകാശി ഇക്കാര്യത്തില്‍ തന്റെ നയം വ്യക്തമാക്കിയിരുന്നു. 40 വര്‍ഷം മുമ്പ് മറ്റു രാജ്യങ്ങളിലേതു പോലെ സാധാരണ നിലയിലുള്ള ജീവിതമാണ് സൗദികളും നയിച്ചതെന്നും അക്കാലത്ത് സ്ത്രീകള്‍ വാഹനമോടിക്കുകയും എല്ലായിടത്തും വനിതകള്‍ തൊഴിലെടുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വനിതകള്‍ക്ക് അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതില്‍ സൗദി അറേബ്യ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top