14 August Friday

ഫ്രഞ്ച് ദേശീയ ദിനം ഡിജിറ്റലായി ആഘോഷിക്കും: ഫ്രഞ്ച് എംബസി

കെ എല്‍ ഗോപിUpdated: Monday Jul 13, 2020

അബുദാബി > നിലവിലെ സുരക്ഷാ നടപടികള്‍ക്കും പൊതുജനാരോഗ്യ ശുപാര്‍ശകള്‍ക്കും അനുസൃതമായി ദേശീയ ദിനം എംബസിയുടെ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും ആഘോഷിക്കാന്‍ അബുദാബിയിലെ ഫ്രഞ്ച് എംബസി തീരുമാനിച്ചു.

എല്ലാ വര്‍ഷവും ജൂലൈ 14 ന്, 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതാണ് ബാസ്റ്റില്ലെ ദിനം. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും പ്രാദേശിക ഫ്രഞ്ച് സമൂഹാംഗങ്ങളും ഉള്‍പ്പെടെ 1,500 ല്‍ അധികം അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരത്തിലെ പ്രശസ്തമായ ഹോട്ടലുകളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.  30,000 ഫ്രഞ്ച് പൗരന്മാരാണ് യുഎഇയില്‍ ഉള്ളത്.

മഹാമാരിയുടെ വേളയില്‍ ഫ്രഞ്ച് ജനതയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിന് ഫ്രഞ്ച് അംബാസഡര്‍ ലുഡോവിക് പില്ലെ യു എ ഇ ഭരണാധികാരികളോട് ഫ്രഞ്ച് ജനതയ്ക്ക് വേണ്ടി നന്ദി അറിയിച്ചു.

യു എ ഇ യിലും ഫ്രാന്‍സിലും ലോകത്തെവിടെയുമുള്ള ഭീകര മഹാമാരിയുടെ ഇരകളെ ബഹുമാനിക്കുക, വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളെ മറികടക്കാന്‍ യുഎഇ അധികാരികളുമായി ചേര്‍ന്നുകൊണ്ട് ഫെഡറല്‍, പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുഎഇ യിലെ ഫ്രഞ്ച് പൗരന്മാര്‍ - ഡോക്ടര്‍മാര്‍, അധ്യാപകര്‍, സാംസ്‌കാരിക അഭിനേതാക്കള്‍, സൈനികര്‍, സിവില്‍ സര്‍വീസുകള്‍, ബിസിനസ്സ് ചേംബറുകള്‍ തുടങ്ങിയവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുക, ഫ്രാന്‍സും യു എ ഇ യും തമ്മില്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന മികച്ച പങ്കാളിത്തം എടുത്തുകാണിക്കുക എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് എന്ന് അബുദാബിയിലെ ഫ്രഞ്ച് എംബസിയില്‍ നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഐക്യദാര്‍ഢ്യം എന്ന വിഷയത്തില്‍ ഒരു മണിക്കൂര്‍ നീളുന്ന ചടങ്ങില്‍ എമിറാത്തി, ഫ്രഞ്ച് ദേശീയഗാനങ്ങളുടെ യഥാര്‍ത്ഥ പ്രകടനം, രണ്ട് മന്ത്രിതല പ്രസംഗങ്ങള്‍, ഒരു ഹ്രസ്വ സംഗീത കച്ചേരി എന്നിവ ഉള്‍പ്പെടും. ഡിജിറ്റല്‍ ദേശീയ ദിന പരിപാടികള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും സ്ട്രീം ചെയ്യും. പ്രസംഗങ്ങള്‍ ഫ്രഞ്ച്, അറബി ഭാഷകളില്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെയും സ്ട്രീം ചെയ്യും. ജൂലൈ 14 ന് വൈകുന്നേരം 7 മണി മുതലാണ് ദിനാഘോഷങ്ങള്‍ ഒരുങ്ങുന്നത്.





 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top