17 February Sunday

ഗൾഫിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കുറയുന്നു

ടി വി ഹിക്മത്ത്Updated: Wednesday Jan 16, 2019

കുവൈറ്റ് സിറ്റി>  ഇന്ത്യയിൽ നിന്നും ഗൾഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് കണക്കുകൾ. 2017 നെ അപേക്ഷിച്ച‌് 2018 ൽ 21 ശതമാനത്തിന്റെ കുറവാണ‌് രേഖപ്പെടുത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലേക്ക് അനുവദിച്ച എമിഗ്രേഷൻ ക്ലിയറൻസിന്റെ കണക്കിൽ ഇൗ കുറവ് വ്യക്തമാണ്. 2018 ൽ 2,95,000 എമിഗ്രേഷൻ ക്ലിയറൻസാണ് ഈ രാജ്യങ്ങളിലേക്ക‌് അനുവദിച്ചത്. ഇതേസമയം 2017 ൽ ഇത് 3,74,000 ആയിരുന്നു. കുവൈറ്റിലേക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ 2017 നെ അപേക്ഷിച്ച‌് ഏഴ‌് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 56000ൽ നിന്നും 52000 മാണ‌് കുവൈറ്റിലേക്കുള്ള പ്രവാസികളുടെ വരവിൽ വന്ന കുറവ്.

2014 മുതൽ 2018 വരെയുള്ള കണക്ക് പരിശോധിച്ചാൽ 62 ശതമാനത്തിന്റെ കുറവാണ് ജിസിസി രാജ്യങ്ങളിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണത്തിൽ കാണുന്നത‌്. ഇക്കാലയളവിൽ കുവൈറ്റിലേക്ക് വന്നവരുടെ എണ്ണത്തിൽ 35 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും വലിയ കുറവ് സംഭവിച്ചിരിക്കുന്നത് സൗദി അറേബിയിലേക്കുള്ള കുടിയേറ്റത്തിനാണ്. 2014ൽ മൂന്ന് ലക്ഷം പേർ ജോലി തേടി സൗദിയിലേക്ക് പോയെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് പരിശോധിച്ചാൽ ഇത് 65000 ആയി കുറഞ്ഞിരിക്കുന്നു എന്നു കാണാം. ജിസിസി രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും കൂടുതൽ ആളുകൾ ജോലി തേടി പോയ കണക്കിൽ ഖത്തറാണ് മികച്ചു നിൽക്കുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞതും ഇതിന്റെ ഭാഗമായി ജിസിസി രാജ്യങ്ങളിൽ ഉൾപ്പെടെ നിലനിൽക്കുന്ന സാമ്പത്തിക തകർച്ചയും ഇന്ത്യക്കാരെ ഇവിടങ്ങളിലേക്ക് കുടിയേറുന്നതിൽ പുറകോട്ട് നയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേ സമയം ഗൾഫ് രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ സ്വദേശി വൽക്കരണ നടപടികളും ഇന്ത്യക്കാരുടെ എണ്ണത്തിൽ വന്ന കുറവിന് കാരണമായിട്ടുന്നെന്നും കണക്കുകളിൽ കാണാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top